ആയുർവേദം പറയുന്നു ഇങ്ങനെ ജീവിക്കൂ
ആയുർവേദം പറയുന്നു ഇങ്ങനെ ജീവിക്കൂ
നാട്ടിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുഗുണമായ ചികിത്സാ പദ്ധതിയാണ് ‘ആയുർവേദം’. ദീർഘകാല രോഗങ്ങളുടെ കാര്യത്തിൽ സുരക്ഷിതവും ഫലപ്രദവുമാണിത്, പ്രകൃതിക്ക് ഇണങ്ങുന്നതും ചെലവ് കുറഞ്ഞതും. ചുറ്റുവട്ടത്തുള്ള സസ്യ ഔഷധങ്ങളെ ഉപയോഗിക്കാമെങ്കിൽ ചെലവ് പേരിനു മാത്രമാക്കാം. നല്ല ജീവിതവഴിയെക്കുറിച്ച് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പറയുന്നു.
ഇന്ന് കണ്ടുവരുന്ന മിക്കവാറും രോഗങ്ങൾ തെറ്റായ ജീവിതശൈലി കൊണ്ട് ഉണ്ടാകുന്നതാണ്. ജീവിതശൈലീ രോഗങ്ങളെ ചികിത്സിക്കാനൊരുങ്ങുമ്പോൾ ശരിയായ ജിവിത ശൈലി ഏതെന്ന് പറഞ്ഞുകൊടുക്കേണ്ടതുണ്ട്. ആയുർവേദം അനുശാസിക്കുന്ന രീതികൾ ശരിയായ രീതിയിൽ പിന്തുടരുകയാണെങ്കിൽ ജീവിത ശൈലീരോഗങ്ങളെ അകറ്റിനിർത്താം.
ദിനചര്യ രാവിലെ അഞ്ചിന് മുമ്പായി ഉണരുക. എഴുന്നേറ്റാലുടൻൻ മലമൂത്ര വിസർജനം നടത്തുക. മലവിസർജനത്തിന് ബുദ്ധിമുട്ടുള്ളവർ രാവിലെ പാലോ വെള്ളമോ പാലൊഴിച്ച ചായയോ കുടിക്കുക. ബുദ്ധിമുട്ട് മാറും. രാവിലെ മലവിസർജനം നടത്താതിരുന്നാൽ ദഹനശക്തി തകരാറിലാവും. കണ്ണുകൾക്ക് കേടു സംഭവിക്കാനും സാധ്യതയുണ്ട്.
പല്ലുതേപ്പ് ഉമിക്കരിയോ പൽപ്പൊടിയോ ഉപയോഗിച്ച് ആദ്യം വിരലുകൊണ്ട് പല്ലുതേക്കുക. പല്ലിന്റെ ആകൃതി നിലനിർത്താൻ ഇത് സഹായിക്കും. അതിനുശേഷം ബ്രഷ് ഉപയോഗിച്ച് പല്ലുതേക്കുക. പിന്നീട് നാവ് വടിച്ച് വൃത്തിയാക്കണം. വായ് ശുദ്ധിവരുത്താൻ വായിൽ വെള്ളം നിറച്ച് കവിളിൽ കൊള്ളുന്നത് നല്ലതാണ്.
എണ്ണതേപ്പ് ശിരസ്സിലും ചെവിയിലും പാദങ്ങളിലും എണ്ണ തേക്കുക. എള്ളെണ്ണയോ വെളിച്ചെണ്ണയോ മരുന്നുകളിട്ട് സംസ്കരിച്ച തൈലമോ ഇതിനായി ഉപയോഗിക്കാം. തൊലിക്ക് മാർദവം, ഉറപ്പ്, കാഴ്ചശക്തി, ശരീരപുഷ്ടി, ആയുർദൈർഘ്യം, നല്ല ഉറക്കം എന്നിവ ലഭിക്കും. വാത സംബന്ധമായ പല രോഗങ്ങളേയും തടയാനും താരൻ വരാതിരിക്കാനും എണ്ണതേപ്പ് നല്ലതാണ്.
വ്യായാമം എണ്ണതേച്ച ശേഷം ലഘു വ്യായാമം ചെയ്യാനാണ് വിധി. യോഗാസനം, പ്രാണായാമം, സൂര്യനമസ്കാരം, എന്നിവയൊക്കെ നല്ലതാണ്. സ്ഥിരമായി വ്യായാമം ചെയ്താൽ പ്രവൃത്തികൾ ചെയ്യുന്നതിന് സാമർഥ്യം കൂടും. നല്ല ശോഭയുണ്ടാകും. ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിയാതിരിക്കും.
ശരീരം തിരുമ്മൽ വ്യായാമത്തിന് ശേഷം ശരീരം മൃദുവായി തലോടണം. മുകളിലേക്കാണ് തിരുമ്മേണ്ടത്. ഇത് അവയവങ്ങൾക്ക് സ്ഥിരത പ്രദാനം ചെയ്യുന്നു. വ്യായാമം കൊണ്ട് ഉണ്ടായ വിയർപ്പ് മാറിയിട്ടേ കുളിക്കാവൂ.
തുവർത്തൽ കുളി കഴിഞ്ഞാൽ നന്നായി തുടച്ച് ജലാംശം മുഴുവൻ കളയണം. ആദ്യം പുറംഭാഗം, പിന്നീട് മുഖം, മുടി, ശരീരം എന്ന ക്രമത്തിലാണ് തുവർത്തേണ്ടത്. മുടിയിലെ ജലാംശം പൂർണമായും നീക്കം ചെയ്യാതിരുന്നാൽ ‘റുമറ്റോയ്ഡ് ആർത്രൈറ്റിസ്’ പോലെയുള്ള രോഗങ്ങൾക്ക് സാധ്യതയുണ്ട്. തുവർത്തിയ ശേഷം വൃത്തിയായ വസ്ത്രം ധരിക്കുകയും മുടിയും മറ്റും നല്ലതുപോലെ സംരക്ഷിക്കുകയും വേണം.
കുളി
ആദ്യം തലയിൽ മാത്രം പച്ചവെള്ളം ഒഴിച്ച് കുളിക്കുക. പിന്നീട് ദേഹം കഴുകുക. ദേഹത്ത് വേണമെങ്കിൽ ചൂടുവെള്ളം ഒഴിക്കാം. ചൂടുവെള്ളം തലയിലൊഴിച്ചാൽ മുടി കൊഴിയും. കണ്ണിനും ദോഷമാണ്. ദേഹം കഴുകിയ ശേഷം തലയിൽ വെള്ളമൊഴിച്ചാൽ രക്തസമ്മർദം വർദ്ധിക്കാനിടയുണ്ട്. ശരിരത്തിലും മുടിയിലും തേച്ച എണ്ണ, സോപ്പോ ചെറുപയർ പൊടിയോ ഉപയോഗിച്ച് കഴുകിക്കളയണം. രാവിലെ കുളിക്കാൻ കഴിയാത്തവർ 7.30ന് പ്രഭാതഭക്ഷണം കഴിച്ച് അത് ദഹിച്ചശേഷം 10 മണിക്ക് കുളിച്ചാൽ മതി. കുളി കഴിഞ്ഞശേഷം തലയിൽ എണ്ണ പുരട്ടരുത്.
ഭക്ഷണം
കുളി കഴിഞ്ഞാലുടനെ ഭക്ഷണം കഴിക്കണം. പ്രാതൽ 7.40-8.00, ലഘു ഭക്ഷണം 10.30, ഉച്ചയൂണ് 1.00-2.00, ലഘു ഭക്ഷണം 4.30, അത്താഴം 8.30-9.00 ഈ ക്രമത്തിലായാൽ നന്ന്. വിശപ്പുള്ളപ്പോൾ ഭക്ഷണം കഴിക്കുക. എന്നാൽ അമിതമായ വിശപ്പ് വരാൻ അനുവദിക്കരുത്. അമിതമായ വിശപ്പുണ്ടായി, ഭക്ഷണം കഴിക്കാൻ വൈകിയാൽ രക്തത്തിൽ കൊളസ്‌ട്രോൾ കൂടാൻ സാധ്യതയുണ്ട്. പ്രമേഹവും ഉണ്ടാകാം. ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുക. വളരെ വേഗത്തിലും ഒരുപാട് സാവധാനത്തിലും ഭക്ഷണം കഴിക്കരുത്. മൊബൈൽഫോണിൽ സംസാരിച്ചും ടി.വി. കണ്ടും ഭക്ഷണം കഴിക്കരുത്. ഭക്ഷണം വായിലിട്ട് ചവച്ചരയ്ക്കുമ്പോൾ വെള്ളം കുടിക്കാതിരിക്കുക. ഭക്ഷണത്തിന് ശേഷം വെള്ളം കുടിക്കുന്നതാണ് ഉത്തമം. സ്നിഗ്ധ ദ്രവ്യങ്ങളായ പാലും നെയ്യും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ശരീരത്തിന്റെ സ്നിഗ്ധത നിലനിർത്താനും ഓർമശക്തി കൂട്ടാനും ധാതുക്കൾക്ക് പുഷ്ടി ലഭിക്കാനും ഇത് സഹായിക്കും.
ഉറക്കം
രാത്രി 10ന് ഉറങ്ങി, രാവിലെ 5ന് ഉണരുന്നതാണ് ഉത്തമം. ശരിയായി ഉറങ്ങുന്നതുകൊണ്ട് ശരീരത്തിനും മനസ്സിനും സുഖവും ബലവും പുഷ്ടിയും അറിവും ഉണ്ടാകും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ