നല്ല വീട് ആഗ്രഹിക്കുന്നവർ ഉറപ്പായും ഇത് വായിക്കണം
നല്ല വീട് ആഗ്രഹിക്കുന്നവർ ഉറപ്പായും ഇത് വായിക്കണം
വീടിന്റെ കാര്യത്തിൽ ആകപ്പാടെ ആശയക്കുഴപ്പത്തിലാണ് മലയാളി. പുതിയൊരു വീടുപണിയുമ്പോൾ അതിന്റെ രൂപമെന്തായിരിക്കണം, എന്തെല്ലാം സൗകര്യങ്ങൾ വേണം, ഏതു നിർമാണ സാമഗ്രി ഉപയോഗിക്കണം തുടങ്ങിയ കാര്യങ്ങളിലെല്ലാം സംശയം തോന്നാം.
കേരളത്തിലാണ് വീട് വയ്ക്കുന്നത് എന്ന ബോധം വേണം..
ബാക്ഗ്രൗണ്ട് മാറ്റിയാൽ ഇത് ഏതു രാജ്യത്തെ വീടാണെന്ന് ഒരാൾക്കും പറയാനാകാത്തതരം നിർമിതികളാണ് ഇപ്പോഴുണ്ടാകുന്നതിൽ കൂടുതലും. ഓർക്കുക; കാലാവസ്ഥ, വീടിരിക്കുന്ന സ്ഥലം എന്നിവയെ അറിഞ്ഞും ആവാഹിച്ചും വേണം വീടിന്റെ ഡിസൈൻ.
വർഷത്തിൽ ആറുമാസത്തോളം മഴ ലഭിക്കുന്ന, അത്യാവശ്യം ചൂടും ഈർപ്പവുമുള്ള ട്രോപ്പിക്കൽ ക്ലൈമറ്റ് ആണ് കേരളത്തിലേത്. തീരദേശം, ഇടനാട്, മലനാട് എന്നിങ്ങനെ മൂന്നുതരം ഭൂപ്രകൃതിയാണിവിടെയുള്ളത്. ഇതുരണ്ടും പരിഗണിച്ചായിരിക്കണം വീടിന്റെ ഡിസൈൻ. അതല്ലാതെ സ്വിറ്റ്സർലൻഡിലെയോ ജപ്പാനിലെയോ വീട് അതുപോലെ പകർത്തുകയല്ല ചെയ്യേണ്ടത്.
പുറമേ നിന്ന് കാണാൻ ഭംഗിയുള്ള വീട് മതി എന്നത് മണ്ടത്തരമാണ്...
വഴിയേ പോകുന്നവരെ കാണിച്ച് അവരെ സന്തോഷിപ്പിക്കാൻ വേണ്ടിയാവരുത് വീടുപണിയുന്നത്. വീടിനു കാണാൻ ഭംഗിയുള്ള രൂപം വേണം എന്നതിൽ സംശയമില്ല. എന്നാൽ ആ രൂപത്തിന് ഒരു ന്യായീകരണം വേണം. മുമ്പ് പറഞ്ഞതുപോലെ കാലാവസ്ഥ, പ്ലോട്ട് എന്നിവയും ഒപ്പം വീട്ടുകാരുടെ ആവശ്യങ്ങളും ചേർന്നാണ് വീടിന്റെ രൂപം നിശ്ചയിക്കേണ്ടത്. കാട്ടിക്കൂട്ടലുകളിലൂടെ നേടുന്ന സൗന്ദര്യത്തിന് ആയുസില്ല എന്നോർക്കണം.
വീട് ഒരു മൽസര ഇനമായി എവിടെയും പ്രഖ്യാപിച്ചിട്ടില്ല...
വീട് ഒരു മൽസര ഇനമല്ല. അയൽക്കാരന്റെ അല്ലെങ്കിൽ ബന്ധുവിന്റെ വീടിനേക്കാൾ വലുപ്പമുള്ള വീട് വേണം എന്ന ചിന്ത മാറ്റണം. മുമ്പ് എട്ടും പത്തും ആളുകൾ സന്തോഷത്തോടെ ജീവിച്ച വീടുകൾക്ക് ഇപ്പോൾ രണ്ടും മൂന്നും പേർ മാത്രം താമസിക്കുന്ന വീടുകളുടെ നാലിലൊന്നു വലുപ്പമേ ഉണ്ടായിരുന്നുള്ളൂ എന്ന സത്യം മറക്കരുത്.
ചെറിയ കാര്യങ്ങളിൽ വലിയ ശ്രദ്ധ: ജീവിതം സുന്ദരമാക്കാൻ അതുമതി...
ചെറിയ കാര്യങ്ങൾ പോലും വൃത്തിയായും ഭംഗിയായും ക്രമീകരിക്കുമ്പോഴാണ് വീടും അതിലെ ജീവിതവും സുന്ദരമാവുക. ആർക്കിടെക്ച്ചർ ഭാഷയിൽ അതിനെ ബിൽഡിങ് ഡീറ്റെയ്‌ലിങ് എന്നാണ് പറയുക. ഉദാഹരണത്തിന് വീടിനു മുകളിൽ പാരപ്പെറ്റ് കെട്ടുമ്പോൾ പിന്നിലേക്ക് അൽപം ചരിവു വരുന്ന രീതിയിൽ വേണം അതിന്റെ മുകൾ ഭാഗം തേക്കാൻ.
എല്ലാം വെട്ടിനിരപ്പാക്കിയേ വീടുപണിയൂ എന്ന വാശി വേണ്ട...
പുരയിടത്തിലുള്ള എല്ലാ മരങ്ങളും മുറിച്ചുമാറ്റി എവിടെയെങ്കിലും അൽപം നീരൊഴുക്കോ ഒരു കിണറോ ഉണ്ടെങ്കിൽ അതെല്ലാം മണ്ണിട്ടുമൂടി നിരപ്പാക്കിയേ വീടുപണിയൂ എന്നത് സംസ്കാരശൂന്യതയുടെ തെളിവാണ്. വീടുവയ്ക്കുന്ന സ്ഥലത്തെ സ്വാഭാവിക പരിസ്ഥിതിയും ജൈവ വൈവിധ്യവും അലങ്കാരങ്ങളാക്കി വേണം വീടുപണിയാൻ. വീടിനു അനുസരിച്ച് പ്ലോട്ടിനെ മാറ്റിയെടുക്കുകയല്ല പ്ലോട്ടിനനുസരിച്ച് വീടിനെ മാറ്റിയെടുക്കുകയാണ് വിവേകമുള്ളവർ ചെയ്യേണ്ടത്.
വലിയ കാര്യങ്ങൾക്കൊപ്പം ഇത്തരം സൂക്ഷ്മമായ കാര്യങ്ങളിലും ശ്രദ്ധ പതിയണം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ