Boney-M

Boney-M

1970-കളുടെ പകുതിയിൽ യൂറോപ്യൻ സംഗീത മേഖലയിൽ ജന്മം കൊണ്ട ഒരു അതുല്യ പ്രതിഭാസമായിരുന്നു Boney-M എന്ന പശ്ചിമ ജർമൻ മ്യൂസിക്ക് ബാൻഡ്. Frank Farian എന്ന ജർമൻ മ്യൂസിക്ക് പ്രൊഡ്യൂസർ ആണ് Boney-M ന്റെ സൃഷ്ടാവ്. Baby Do You Wanna Bump?" എന്ന സിംഗിൾ ആണ് ആദ്യത്തെ പാട്ട്. ഹോളണ്ട്, ബെൽജിയം എന്നിവിടങ്ങളിലെ ഈ പാട്ടിന്റെ വിജയം ഒരു തുടക്കമായിരുന്നു. പിന്നീട് ജർമനിയിൽ പാട്ടുകാരായി ജോലി ചെയ്തിരുന്ന നാല് വെസ്റ്റ് ഇന്ത്യൻസിനെ കൂടി ബാന്റിലേക്ക് ചേർക്കുകയായിരുന്നു. Marcia Barrett (St. Catherines, Jamaica), Liz Mitchell (Clarendon, Jamaica), Maizie Williams (Monserrat, West Indies), Bobby Farrell (Aruba, West Indies).
മുൻ തലമുറയുടെ ആവേശകരമായ വിവരണങ്ങളിലൂടെ കേട്ടറിഞ്ഞ ശേഷമാണ് ചെറുപ്പത്തിൽ ഓഡിയോ കാസറ്റുകളുടെ രൂപത്തിൽ ആദ്യമായി Boney-M എന്ന പേര് പരിചിതമാവുന്നത്. Daddy Cool, Ma Baker, Belfast, Rivers Of Babylon, Brown Girl In The Ring, Rasputin, Mary's Boy Child, Painter Man, Hooray! Hooray! It's a Holi-Holiday എന്നിങ്ങനെ ഒരു തലമുറയുടെ ശ്വാസഗതിയുടെ ചടുലതാളമായി മാറിയ ഡിസ്കോ ജോണറിലുള്ള അനവധി ഗാനങ്ങൾ. വളരെ യൂണീക്ക് ആയ വോക്കലുകളും, ചടുലമായ സംഗീതവും, കൂടാതെ Bobby Farrell-ന്റെ ഭ്രാന്തമായ സ്റ്റേജ് പെർഫോമൻസിന്റെ വൈവിധ്യവും എനർജി ലെവലും ആണ് ഈ പാട്ടുകളുടെയെല്ലാം ഏറ്റവും വലിയ പ്രത്യേകത. ഭാഷകൾക്ക് അതീതമായി ഇത് ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ കാരണമായതും ഇതൊക്കെ തന്നെയാണ്.
Boney-M-ന്റെ ആദ്യത്തെ ആൽബമായ Take the heat of me-യിലെ Daddy Cool എന്ന ഗാനമാണ് അവരുടെ ആദ്യത്തെ UK ഹിറ്റ് എന്ന് പറയാം. ഇത് കേൾക്കാത്തവർ വളരെ ചുരുക്കമായിരിക്കും.
"Freeze, I'm Ma Baker, put your hands in the air and gimme all your money". എന്ന വരികളോടെ തുടങ്ങുന്ന 1977-ൽ റിലീസ് ആയ Ma Baker എന്ന ഗാനം Sidi Mansour എന്ന ടുണീഷ്യൻ നാടോടിഗാനത്തിന്റെ ഈണത്തിൽ ചിട്ടപ്പെടുത്തിയതാണ്. Arizona Barker അഥവാ Ma Barker എന്ന ജീവിച്ചിരുന്ന ഡ്രെഡഡ് ക്രിമിനൽ വുമണിന്റെയും അവരുടെ മക്കൾ അടങ്ങുന്ന ക്രിമിനൽ ഗാങ്ങിന്റെയും ത്രസിപ്പിക്കുന്ന കഥ പറയുന്നു ഈ ഗാനത്തിലൂടെ. പാട്ടിന്റെ ഭംഗിക്ക് വേണ്ടി Ma Barker എന്ന പേര് Ma Baker എന്നാക്കി മാറ്റി. ഈ പാട്ട് കേൾക്കുന്ന ആർക്കും Ma Baker എന്ന ക്രിമിനൽ ഗാങ് ലീഡറായ ലെജൻഡറി സ്ത്രീയോട് തോന്നുന്ന ആരാധന ചെറുതല്ല. വെറും 5 മിനിറ്റിൽ താഴെ സമയം കൊണ്ട് ഈ പാട്ട് നമുക്ക് തരുന്ന മൂഡ് ഏതൊരു ക്ലാസ്സിക്കൽ ഗാങ്സ്റ്റർ മൂവിയും തരുന്ന ഒരു മൂഡ് ആണ്.
ഇരുപതാം നൂറ്റാണ്ടിൽ റഷ്യയിൽ ജീവിച്ചിരുന്ന Tsar ചക്രവർത്തി Nickolas II - ന്റെ സുഹൃത്തും ഉപദേഷ്ടാവുമായിരുന്ന Grigori Rasputin എന്ന വിവാദപുരുഷന്റെ ജീവിതകഥയെ ആസ്പദമാക്കി 1978-ൽ Boney-M ചെയ്ത ഗ്ലോബലി ഹിറ്റ് ഗാനമാണ് Rasputin. Rasputin-ന്റെ വിവാദപരമായ ജീവിതവും മരണവും പ്രതിപാദിക്കുന്ന ഈ ഗാനം ഒരുപാട് മ്യൂസിക് കോമ്പോസിഷനുകൾക്ക് പ്രചോദനമായിട്ടുണ്ട്. "മഞ്ഞിൽ വിരിഞ്ഞ പൂക്കൾ" എന്ന സിനിമയുടെ ക്ളൈമാക്സിലെ ഒരു സംഘട്ടന രംഗത്തിനു മുന്നോടിയായി ഫാസിൽ ഈ ഗാനം ഉപയോഗിച്ചിട്ടുണ്ട്. "ബാലേട്ടൻ" സിനിമയിലെ "ബാലേട്ടാ ബാലേട്ടാ" എന്ന പാട്ടിന്റെ മ്യൂസിക് ഇതിൽ നിന്നും ഇൻസ്പെയർഡ് ആണ്. അങ്ങനെ ഒരുപാട് ഫാൻ ഫോളോവിങ് ഉള്ള ഈ പാട്ട് ഉപയോഗിച്ച് ധാരാളം മ്യൂസിക് ബാൻഡുകൾ പലതരം മ്യൂസിക് സ്റ്റൈലുകളിൽ കവർ ചെയ്തിട്ടുണ്ട്. ഈ പാട്ട് തരുന്ന എനർജി പറഞ്ഞറിയിക്കാൻ പറ്റാത്ത വിധമാണ്.
1978 എന്ന വർഷം ബാന്റിനെ സംബന്ധിച്ച് ഒരു ഗോൾഡൻ ഇയർ ആയിരുന്നു. Rivers of Babylon, Brown girl In the ring, Painterman എന്നിവയും ആ വർഷം സെൻസേഷൻ ആയ ഗാനങ്ങൾ ആണ്. അതേ വർഷം ക്രിസ്ത്മസിന് റിലീസ് ആയ Mary's Boy Child അതുവരെ ഉള്ള സകല സെയിൽ റെക്കോർഡുകളും ഭേധിച്ചു. തുടർന്ന് Boney-M എന്ന ബാൻഡ് ലോകവ്യാപകമായി കൂടുതൽ പബ്ലിക് പെർഫോമൻസുകൾ ചെയ്യാൻ ആരംഭിച്ചു. തൊട്ടടുത്ത വർഷം ഇറങ്ങിയ Hooray Hooray, Its a Holi-Holiday എന്ന സിംഗിൾ, Oceans Of Fantasy എന്ന ആൽബം എല്ലാം വലിയ ഹിറ്റുകൾ ആയിരുന്നു.
ഏതൊരു ഉയർച്ചക്കും ഒരു താഴ്ച്ചയുണ്ടാവും എന്ന് പറയുന്നത് പോലെ പതിയെ പതിയെ പിന്നീട് കണ്ടത് ബാന്റിന്റെ ആ പഴയ പ്രതാപം നഷ്ടമാവുന്ന കാഴ്ച്ചയായിരുന്നു. പല ആഭ്യന്തര കലഹങ്ങളും മൂലം, Bobby Farrel ഒറ്റ സ്റ്റുഡിയോ റെക്കോർഡിങ്ങിൽ പോലും പാടിയിട്ടില്ല എന്ന സത്യം ബാൻഡ് ഓണർ ആയ Farian പുറത്തുവിട്ടു. Bobby-യുടെ സ്‌ഥിരതയില്ലായ്മ കൊണ്ടും കലഹങ്ങൾ കൊണ്ടും മറ്റും അദ്ദേഹത്തെ ഗ്രൂപ്പിൽ നിന്നും പുറത്താക്കി. പകരം വന്നവർക്കൊന്നും ആ സ്റ്റേജ് പെർഫോമൻസിന്റെ എനർജി ലെവൽ നിലനിർത്താനായില്ല. Bobby പിന്നീട് തിരിച്ചു വന്നെങ്കിലും അപ്പോഴേക്കും ബാൻഡ് ഓണർ Farian-ന് പലതിലും ഉള്ള താല്പര്യം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. പിന്നീട് ബാൻഡ് പല വഴിക്ക് തിരിഞ്ഞു Boney-M എന്ന അതേ പേരിൽ തന്നെ പുതിയ പല പാട്ടുകാരെയും ചേർത്ത് ഇൻഡിപെൻഡന്റ് ആയ പെർഫോർമൻസുകൾ ചെയ്യുന്ന കാഴ്ചയാണ് കണ്ടത്. പക്ഷെ അതോന്നും പഴയ ക്ലാസ്സിക് Boney-M ലൈൻ-അപ്പിനോളം വന്നില്ല. Boney-M എന്ന പേരിന്റെ അവകാശത്തെ ചൊല്ലി മുൻ മെംബെർസും Farian-നും കോടതികൾ കയറിയിറങ്ങി. അങ്ങനെ ലോകത്തിന്റെ മൊത്തം സംഗീതാഭിരുചിയിൽ വലിയ മാറ്റം കൊണ്ടു വന്ന മ്യൂസിക് ബാൻഡ് പല വഴിക്ക് ചിതറി പോയി.
Boney-M ന്റെ കഥ പറയുമ്പോൾ അതിൽ ഏറ്റവും സങ്കടകരമായത് ലീഡ് പെർഫോർമർ Bobby Farrel-ന്റെ ജീവിതമാണ്. പട്ടിണിയിൽ നിന്നും ദുരിതപൂർണമായ ജീവിതസാഹചര്യങ്ങളിൽ നിന്നും തന്റെ യൂണീക്ക് പെർഫോമൻസ് കൊണ്ടു Bobby പ്രശസ്തിയുടെയും സമ്പന്നതയുടെയും കൊടുമുടികൾ കീഴടക്കി. ബാൻഡിന്റെ പ്രശസ്തിയുടെ ഉച്ചസ്ഥായിയിൽ ധാരാളം പണം സമ്പാദിച്ചു. എന്നാൽ പിന്നീട് ബാൻഡിന്റെ വരുമാനത്തിന്റെ ഒരു വലിയ പങ്കും സ്വന്തമാക്കിയിരുന്ന ഓണർ Farian-നുമായി തന്റെ കൊണ്ട്രാക്റ്റിലെ വ്യവസ്ഥകളെ ചൊല്ലി തർക്കത്തിലായ Bobby ബാൻഡ് വിട്ടു. കൈവന്ന സൗഭാഗ്യങ്ങളെല്ലാം ഒന്നൊന്നായി നഷ്ടമായി. പിന്നീട് തന്റെ മകൾക്കും ഭാര്യക്കുമൊപ്പം ജീവിക്കാൻ പണത്തിന് വേണ്ടി Farian, Boney-M ന്റെ റെജിസ്റ്റെർഡ് റൈറ്റ്‌സ് ഇല്ലത്ത പല രാജ്യങ്ങളിലും പെർഫോർമർ ആയി ജോലി നോക്കി. പക്ഷെ കൈവന്ന സൗഭാഗ്യങ്ങളുടെയെല്ലാം നഷ്ടം സൃഷ്ടിച്ച മനഃക്ലേശം, മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും ഉപയോഗത്തിലേക്ക് അയാളെ വഴി തിരിച്ചു വിട്ടു. അങ്ങനെ ലോകം ഉറ്റു നോക്കിയ ഒരു വലിയ സ്റ്റേജ് പെർഫോർമറുടെ ജീവിതത്തിന്റെ താളം തെറ്റി. Boney-M-ന്റെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ Rasputin-ലെ റാസ്പുട്ടിൻ മരിച്ച അതേ ഡേറ്റിൽ അതേ നഗരത്തിലെ (St. Petersburg, Russia) ഒരു ഹോട്ടൽ മുറിയിൽ വെച്ചായിരുന്നു 61-ആമത്തെ വയസ്സിൽ Bobby-യുടെ മരണവും.
ഇന്ന് അയാളുടെ സംഗീതത്തിന്റെ പിന്തുടർച്ചയായി ഹിപ്-ഹോപ് പെർഫോർമർ ആയ മകൾ Zanillya Farrel ഉണ്ട്. Zanillya-ക്ക് അവരുടെ അച്ഛന്റെ പാട്ടുകളിൽ ഏറ്റവും പ്രിയപ്പെട്ടത് Daddy Cool ആണെന്ന് പറയുന്നു. "Daddy Cool" എന്ന അതേ വാക്കുകൾ Bobby Farrel അന്ത്യവിശ്രമം കൊള്ളുന്ന കല്ലറയിലും ആലേഖനം ചെയ്തിരിക്കുന്നു.❤️
ഇന്നും തന്റെ സ്റ്റേജ് പെർഫോമൻസുകളുടെ വീഡിയോ റെക്കോർഡിങ്ങുകളിലൂടെ Bobby-യും Boney-M - ഉം ജനഹൃദയങ്ങളിൽ ജീവിക്കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

9.കളി രീതി (play way)