ചിത്രശലഭ പുഴുക്കൾ പൊട്ടിത്തെറിക്കുന്നു
ചിത്രശലഭ പുഴുക്കൾ പൊട്ടിത്തെറിക്കുന്നു.
ഒരു ജീവിയില്‍ പ്രവേശിച്ച് അതിന്‍റെ സ്വാഭാവിക ജീവിത രീതിയിൽ മാറ്റങ്ങൾ വരുത്തി അവയെ മരണത്തിലേക്കുവരെ നയിക്കുന്ന വൈറസുകള്‍ നമ്മുടെ പ്രകൃതിയിൽ ധാരാളമുണ്ട്. പൂച്ചയുടെ സമീപത്തേക്ക് എലികളെ ആകർഷിക്കുന്ന വൈറസും, മാനുകൾക്ക് പുലിമൂത്ര ഗന്ധത്തോട് ആകര്‍ഷണം തോന്നിപ്പിക്കുന്ന വൈറസുമെല്ലാം ഇതിന് ഉദാഹരണങ്ങൾ മാത്രം. നമ്മുടെ തലച്ചോറിലെ ചിന്തകളെ വരെ സ്വാധീനിക്കാൻ ശേഷിയുള്ള ഇത്തരം വൈറസുകളുടെ ഒരു വിഭാഗത്തെ ബ്രിട്ടനിലെ ചിത്രശലഭ പുഴുക്കളിൽ ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. ഈ അപൂർവ്വ വൈറസ് ബാധമൂലം ബ്രിട്ടനിൽ 100 കണക്കിനു ചിത്രശലഭ പുഴുക്കളാണ് ചത്തൊടുങ്ങുന്നത്. സോംബി വൈറസ് എന്ന ഈ വൈറസ് ബാധമൂലം ചിത്രശലഭ പുഴുക്കള്‍ കൂട്ടത്തോടെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തേക്ക് വരികയും, വൈകാതെ സ്വയം പൊട്ടിത്തെറിക്കുകയും ചെയ്യുന്നതായാണ് ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്. ശത്രുക്കളെ പേടിച്ച് എപ്പോഴും ഒളിച്ചിരിക്കുന്ന സ്വഭാവമുള്ള ഈ പുഴുക്കളുടെ അടിസ്ഥാന സ്വഭാവത്തിൽ തന്നെ മാറ്റം വരുത്തിയിരിക്കുന്നു ഈ വൈറസ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
ബാക്കുലോ വൈറസ് എന്നാണ് ഈ വൈറസുകൾക്ക് ഗവേഷകര്‍ നല്കിയിരിക്കുന്ന പേര്. ലാര്‍ജ് ഹീത്ത് എന്നയിനം ചിത്രശലഭങ്ങളുടെ പുഴുക്കളായ ഓക്ക് എഗ്ഗര്‍ മോത്ത് എന്ന ചിത്രശലഭ പുഴുക്കളെയാണ് പ്രധാനമായും ഈ വൈറസ് ബാധിച്ചിരിക്കുന്നത്. മറ്റു ചിത്രശലഭ പുഴുക്കളിലും ഈ വൈറസിനെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഈ ബാധയെ തുടര്‍ന്ന് പൊട്ടിത്തെറിക്കുന്നത് ശരീരത്തില്‍ ജലാംശം കൂടുതലായ ഓക്ക് എഗ്ഗര്‍ മോത്ത് വിഭാഗത്തില്‍പ്പെട്ട ചിത്രശലഭ പുഴുക്കൾ മാത്രമാണ്. ലാര്‍ജ് ഹീത്ത് ഇനത്തില്‍പ്പെട്ട ചിത്രശലഭങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ഗവേഷകരാണ് ഈ അപൂര്‍വ്വ പ്രതിഭാസം കണ്ടെത്തിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ