14.ആഗമവികാസ രീതി (Inductive Development)

14.ആഗമവികാസ രീതി (Inductive Development)

ഇത് ഹെർബാർട്ടും (Herbart) അനുയായികളും കൂടി ആവിഷ്കരിച്ചിട്ടുള്ളതാണ്.ചില നിശ്ചിത യൌക്തികഘട്ടങ്ങൾ (formal stage) അടങ്ങിയ ഒരു ഏകകമാണ് ആഗമവികാസപാഠം. ഇതിന്റെ നാലു ഘട്ടങ്ങളെ സ്പഷ്ടത (clearness), സാഹചര്യം (association), വ്യവസ്ഥ (system), സമ്പ്രദായം (method) എന്നിങ്ങനെ വിഭജിച്ചിരുന്നു. സില്ലർ (Ziller) സ്പഷ്ടതയെ പ്രാരംഭം, അവതരണം എന്നു രണ്ടായി തിരിച്ചു. റൈൻ (Rein), ഉദ്ദേശ്യപ്രസ്താവന എന്നൊരു ഉപഘട്ടം കൂട്ടിച്ചേർത്തു. ഇപ്പറഞ്ഞ ഭേദഗതികളോടെ ഹെർബാർട്ടിയൻ വികാസപാഠത്തിൽ താഴെപറയുന്ന ഘട്ടങ്ങൾ രൂപംകൊണ്ടു.

  പ്രാരംഭം

പഠിക്കുവാൻ പോകുന്ന പ്രകരണത്തെ സംബന്ധിച്ചു വിദ്യാർഥിയുടെ മനസ്സിലുള്ള ആശയങ്ങളെ വെളിയിൽ കൊണ്ടുവരികയെന്നതാണ് ഈ ഘട്ടത്തിന്റെ മുഖ്യോദ്ദേശ്യം. പുതിയ പഠനാനുഭവത്തെ ഉൾക്കൊള്ളുന്നതിനു സഹായകമായ പൂർവബോധസമുച്ചയത്തെ (Apperceptive mass) സജ്ജമാക്കുന്നു. ചോദ്യങ്ങൾ മുഖേന കുട്ടികളുടെ പൂർവാനുഭവങ്ങളെ തട്ടിയുണർത്തുന്നു.

  ഉദ്ദേശ്യ പ്രസ്താവന

പൂർവജ്ഞാനവും പുതിയ പാഠവും തമ്മിൽ ബന്ധിപ്പിച്ച് പുതിയ പാഠവസ്തുവിനെപ്പറ്റി ആവശ്യബോധം കുട്ടികളിലുളവാക്കുകയാണ് ഈ ഉപഘട്ടത്തിന്റെ ഉദ്ദേശ്യം.

  പാഠാവതരണം

സാമാന്യവത്കരണമോ വിധിരൂപവത്കരണമോ നടത്തുന്നതിനു നിദാനമായ പുതിയ പാഠാനുഭവങ്ങൾ അവതരിപ്പിക്കുന്നു. ഇതിനു വിവിധ ബോധനരീതികൾ സ്വീകരിക്കാം. പ്രത്യക്ഷാനുഭവങ്ങളോ പരോക്ഷാനുഭവങ്ങളോ ആകാവുന്നതാണ്.

  താരതമ്യവും നിഷ്കർഷണവും

വിവിധ ആശയങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ മനസ്സിലാക്കി താരതമ്യ വിവേചനം ചെയ്ത് സാരാംശങ്ങൾ നിഷ്കർഷിക്കുന്നു.

  സാമാന്യ നിഗമനം

പഠനാനുഭവങ്ങളുടെ വെളിച്ചത്തിലുള്ള വിധി രൂപവത്കരണമാണ് ഇവിടെ നടക്കുന്നത്. ഇത് നിർവചനം, തത്ത്വം, സിദ്ധാന്തം, നിയമം, പ്രമേയം എന്നീ രൂപങ്ങളിലാകാം. പാഠവസ്തുവിന്റെ അന്തിമ പുനഃസംഘടനയാണിത്. ശരിയായി പുരോഗമിക്കുന്ന പാഠത്തിൽ ഓരോ ഘട്ടവും ക്രമാനുഗതമായി കടന്ന് അറിയാതെ തന്നെ കുട്ടികൾ സാമാന്യനിഗമനത്തിലെത്തിച്ചേരും. ഒരുവിധത്തിൽ പറഞ്ഞാൽ ഉദ്ദേശ്യപ്രസ്താവനയിൽ അടങ്ങിയിരിക്കുന്ന പ്രശ്നത്തിന്റെ ഉത്തരമായിരിക്കും ഈ ഘട്ടത്തിൽ ആവിർഭവിക്കുന്നത്.

  പ്രയോഗം

സാമാന്യനിഗമനത്തെ വിശേഷവസ്തുക്കളിലേക്ക് പ്രവർത്തിപ്പിക്കുക, പ്രത്യേക സ്ഥിതികളിൽ പ്രയോഗിക്കുക എന്നതാണ് ഇവിടെ ചെയ്യുന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

Piles (മൂലക്കുരു )