18.കാര്യക്രമബദ്ധ-അധ്യാപനം (Programmed Instruction)
18.കാര്യക്രമബദ്ധ-അധ്യാപനം - (Programmed Instruction)
മനഃശാസ്ത്രതത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തി ശാസ്ത്രീയമായി തയ്യാറാക്കിയിട്ടുള്ളതും വിദ്യാഭ്യാസരംഗത്ത് വ്യാവസായിക വിപ്ലവത്തിന്റെ നാന്ദികുറിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടിട്ടുള്ളതുമായ ഒരു അധ്യയനരീതിയാണ് കാര്യക്രമബദ്ധ-അധ്യാപനം. ബുദ്ധിയും സിദ്ധിയും സ്വയം അളക്കുന്നതിന് 1920-ൽ സിഡ്നി എൽ.പ്രെസി (Sydney L.Pressey) കണ്ടുപിടിച്ച യന്ത്രമാണ് ഇതിന് ആരംഭമിട്ടത്. പിൽക്കാലത്ത് സ്കിന്നർ (B.F.Skinner),[42] ക്രൌഡർ (Crowder) തുടങ്ങിയവരുടെ ശ്രമഫലമായാണ് ഇത് ഒരു അംഗീകൃത സ്വാധ്യയനരീതിയായി വികസിച്ചത്.
പാഠവസ്തുവിനെ അപഗ്രഥിച്ച് പല ചെറിയ യൂണിറ്റുകളായി തിരിക്കുന്നു. ഒരു ബോധന ബിന്ദുവിന്റെ സുവ്യക്തമായ വിശദീകരണം അടങ്ങിയതാണ് ഓരോ യൂണിറ്റും. പാഠഭാഗം മനസ്സിലാക്കി ഉത്തരം കണ്ടുപിടിക്കേണ്ട ഒരു ചോദ്യവും കൊടുത്തിരിക്കും. ഇത്രയും കാര്യങ്ങളടങ്ങിയ യൂണിറ്റിനെ ചട്ടം (Frame) അഥവാ പുരോധാനം (presentation) എന്നു പറയുന്നു. അനേകം ചട്ടങ്ങളുടെ ശ്രേണിയാണ് പാഠവസ്തുകാര്യക്രമം.
കാര്യക്രമങ്ങൾ രണ്ടുവിധമുണ്ട്: രേഖീയവും (Linear) ശാഖീയവും (Branching). സ്കിന്നറുടെ രേഖീയ കാര്യക്രമത്തിൽ ഉത്തരങ്ങൾ സ്വയം രചിക്കുവാനാവശ്യപ്പെടുന്നു. ക്രൌഡറിന്റെ ശാഖീയകാര്യക്രമത്തിലാകട്ടെ ബഹുവികല്പ മാതൃകയിലുള്ള ചോദ്യങ്ങളാണ് ഉള്ളത്. ഒരുസമയം ഒരു ചട്ടം മാത്രം യന്ത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. അതു പഠിച്ച് ഉത്തരം കണ്ടുപിടിച്ചതിനുശേഷം ബട്ടൻ അമർത്തിയാൽ അടുത്തചട്ടം പ്രത്യക്ഷപ്പെടുന്നു. കാര്യക്രമപാഠവസ്തു പുസ്തകരൂപത്തിലും ലഭ്യമാണ്. ഇതിൽ ഒരു പേജിൽ ഒരു ചട്ടം മാത്രമേ കാണുകയുള്ളു. അടുത്തു വായിക്കേണ്ട ചട്ടം ഏതു പേജിലാണെന്നു അതിൽ നിർദ്ദേശിച്ചിരിക്കും.
കാര്യക്രമ-അധ്യാപനത്തിന്റെ സവിശേഷതകൾ താഴെ പറയുന്നവയാണ്.
പാഠവസ്തു, വിദഗ്ദ്ധൻമാർ തയ്യാറാക്കുന്നു.
ഓരോ വിദ്യാർഥിക്കും തന്റെ കഴിവിനനുസരിച്ച് പുരോഗമിക്കാം.
ഓരോ അംശവും പഠിച്ചു എന്ന് ഉറപ്പുവരുത്തിയതിനുശേഷമേ അടുത്ത യൂണിറ്റിലേക്കു പ്രവേശിക്കുന്നുള്ളു.
പഠനപുരോഗതിയെപ്പറ്റി ഉടനുടൻ മനസ്സിലാക്കുന്നതിൽ നിന്നുള്ള പ്രതിപുഷ്ഠി (Feedback) പഠനത്തെ പ്രബലപ്പെടുത്തുന്നു.
ഓരോ വിദ്യാർഥിയും സ്വയം പഠിക്കുന്നു. ആവശ്യമുള്ള മാർഗനിർദ്ദേശം പാഠവസ്തുകാര്യക്രമത്തിൽ തന്നെയുണ്ട്.
എത്ര കുട്ടികൾക്കു വേണമെങ്കിലും ഒരേസമയം പഠിക്കുന്നതിനു സാധിക്കുന്നു.
അധ്യയന സമ്പ്രദായത്തെ ഉത്തരോത്തരം ഫലപ്രദമാക്കുന്നതിന് അധ്യാപനരീതികളിൽ വന്നുകൊണ്ടിരിക്കുന്ന പരിവർത്തനങ്ങൾ ഗണ്യമായി സഹായിച്ചുകൊണ്ടിരിക്കുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ