കോഴിക്കല്ലുമൂടല്‍

കൊടുങ്ങല്ലൂര്‍ ഭരണി; ചില പുരാവൃത്തങ്ങള്‍

കോഴിക്കല്ലുമൂടല്‍

ചെറുഭരണി കൊടിയേറിക്കഴിഞ്ഞാല്‍ അടുത്ത പ്രധാന ചടങ്ങ് കോഴിക്കല്ലുമൂടല്‍ ആണ്. വടക്കേനടയിലെ ദീപസ്തംഭത്തിനു താഴെയുള്ള വൃത്താകൃതിയിലുള്ള കല്ലുകളാണ് കോഴിക്കല്ലുകള്‍. ബലിക്കല്ലിനു മുകളില്‍ കാണാറുള്ളതു പോലുള്ള വൃത്താകൃതിയിലുള്ള കല്ലുകളാണിവ. യഥാര്‍ത്ഥത്തില്‍ ഇവ ബലിക്കല്ലുകള്‍ തന്നെ. ഇവയ്ക്കു താഴെ മണ്ണിനടിയില്‍ ബലിക്കല്ലിന്റെ ബാക്കിഭാഗം ഉണ്ട്. വൃത്താകൃതിയിലുള്ള ഭാഗം മാത്രമേ മണ്ണിനുവെളിയില്‍ കാണുന്നുള്ളൂ. കോഴിക്കല്ലുമൂടല്‍ ചടങ്ങിന് ഈ രണ്ടു കല്ലുകളുടെയും തൊട്ടടുത്ത്, വടക്കുഭാഗത്ത് വലിയ കുഴികുത്തി കല്ലിന്റെ ഈ വൃത്താകൃതിയുള്ള ഭാഗം മറിച്ചിടുന്നു. തുടര്‍ന്ന് മണ്ണിട്ട് മൂടി നീളത്തില്‍ തിണ്ടുപോലെ കെട്ടിയുണ്ടാക്കും. അതിനു മുകളില്‍ ചെമ്പട്ട് വിരിച്ച് കോഴിയെ സമര്‍പ്പിക്കുന്നു. 1954-ല്‍ നിയമം മൂലം മൃഗബലി നിരോധിക്കുന്നതിനു മുമ്പ് വരെ  ഇവിടെ ധാരാളം കോഴികളെ വെട്ടിയിരുന്നു. മീനമാസത്തിലെ തിരുവോണനാളിലാണ് കോഴിക്കല്ലുമൂടല്‍ചടങ്ങു നടക്കുന്നത്. കൊടുങ്ങല്ലൂരിലുള്ള ഭഗവതിവീട്ടുകാര്‍ക്കാണ് കോഴിക്കല്ലുകള്‍ മൂടുന്നതിനുള്ള അവകാശം. മണ്ണിട്ടുമൂടി തിണ്ടുകെട്ടിയുണ്ടാക്കി ചെമ്പട്ട് വിരിക്കും. അതിനുശേഷം കോഴിയെ സമര്‍പ്പിക്കും. അതിനുള്ള അവകാശം വടക്കന്‍ കേരളത്തിലെ തച്ചോളിത്തറവാട്ടുകാര്‍ക്കാണ്. ആദ്യം വെട്ടാനുള്ള കോഴികള്‍ തച്ചോളി ഒതേനന്റേയും കാരമ്പള്ളി കുറുപ്പിന്റെയും തറവാട്ടില്‍ നിന്നുള്ളതായിരിക്കണം.

കോഴിവെട്ട് നിരോധിക്കുന്നതിനുമുമ്പ് കോഴിയെ വെട്ടി തലമുകളിലോട്ട് എറിയുമായിരുന്നത്രേ. അതു പിടിക്കാന്‍ വേണ്ടി ആളുകള്‍ മത്സരിക്കുകയും ചെയ്യും. ഇന്നും പള്ളിമാടത്തിലേക്ക് വലിച്ചെറിയുന്ന കോഴികളെ പിടിക്കാന്‍ ചെറുപ്പക്കാരായ ആണുങ്ങള്‍ മത്സരിക്കാറുണ്ട്. ഭദ്രകാളി ദാരികനുമായി യുദ്ധം തുടങ്ങിയതിനെ കുറിക്കുന്ന ചടങ്ങായാണ് കോഴിക്കല്ലുമൂടലിനെ കരുതിവരുന്നത്. തുടര്‍ന്ന് ഏഴുദിവസം യുദ്ധം. ഏഴാം ദിവസം അശ്വതി കാവുതീണ്ടലോടുകൂടി അത് അവസാനിക്കുന്നു എന്നാണ് സങ്കല്പം.

കോഴിയെ വെട്ടിയിരുന്ന കാലത്ത് കാവില്‍ പോയാല്‍ രക്തം ദേഹത്ത് പറ്റാതെ ആര്‍ക്കും പോരാന്‍ കഴിഞ്ഞിരുന്നില്ല എന്ന് പറയപ്പെടുന്നു. ഈ സമയത്തും അമ്പലത്തിലെ പൂജകള്‍ പതിവുപോലെ നടന്നുവന്നിരുന്നു. കോഴിക്കല്ല് മൂടല്‍ കഴിഞ്ഞ് കാവിന്റെ തെക്കുകിഴക്കേ മൂലയില്‍ കിഴക്കുഭാഗത്തെ ഒരാലില്‍ നിന്നും തെക്കുഭാഗത്തുള്ള ഒരു ആലിലേക്ക് കൊടിക്കൂറകളും ചെറുമണികളും ഇടകലര്‍ത്തി കെട്ടിയ തോരണം ഉയരത്തില്‍ വലിച്ചുകെട്ടുന്നു. അമ്പലത്തിന്റെ പ്രദക്ഷിണവഴിയിലുളള ആലുകളില്‍ തന്നെയാണ് ഇങ്ങനെ കെട്ടുന്നത്. ഇതിനെ വേണാടന്‍ കൊടിയേറല്‍ എന്നാണ് പറയുന്നത്. ഇതു കെട്ടുന്നതും എടമുക്കുകാരായ മൂപ്പന്മാര്‍ (കുടുംബികള്‍) തന്നെയാണ്. വേണാടുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയില്ല.

കോഴിക്കല്ലുമൂടല്‍ ചടങ്ങു കഴിഞ്ഞ ഉടന്‍ തന്നെ വടക്കേഗോപുരത്തില്‍ ഭരണിപ്പാട്ട് തുടങ്ങുന്നു. തൃശ്ശൂരിനടുത്തുള്ള വല്ലച്ചിറയില്‍ നിന്നു വരുന്ന സംഘമാണ് പാടിത്തുടങ്ങുന്നത്. ഇവരുടെ ഒപ്പം കോമരങ്ങള്‍ ഇല്ല. ഇവരിലെ കാരണവര്‍ ദേവിയെ സ്തുതിച്ചുകൊണ്ട് പാടുകയും മറ്റുള്ളവര്‍ തന്നാരം പാടുകയും ചെയ്യുന്നു. ഊരകത്തമ്മയും കൊടുങ്ങല്ലൂരമ്മയും തമ്മിലുള്ള ഒരു സംവാദം ഇവരുടെ ആദ്യപാട്ടിലുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാവില്‍ ഭക്തജനങ്ങളുടെ വന്‍ തിരക്കായിരിക്കും.

ഉത്രട്ടാതി നാള്‍ മുതല്‍ കാവില്‍ കോമരങ്ങള്‍ എത്തിത്തുടങ്ങും. രേവതിവെളുപ്പിന് വടക്കുനിന്നും തെക്കുനിന്നും കോമരങ്ങളുടെ വന്‍ കൂട്ടം തന്നെ കാവില്‍ ഉണ്ടാകും. പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ നിന്നും ധാരാളം പേര്‍ ഭരണിക്ക് എത്താറുണ്ട്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട എന്നീ തെക്കന്‍ ജില്ലകളില്‍ നിന്നും ഉണ്ടാകാറുണ്ട്. കോയമ്പത്തൂരില്‍ നിന്നും ധാരാളം ഭക്തജനങ്ങള്‍ എത്തുന്നുണ്ട്. പക്ഷേ കോമരങ്ങള്‍ കൂടുതലും കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ നിന്നാണ്. ഓരോ ദേശത്തും ഒരു പ്രധാന കോമരത്തിന്റെ കീഴില്‍ ഒരു സംഘം ഉണ്ടാകും.

കോമരങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്തര്‍ വരുന്നത് വഴിപാടുസാമഗ്രികളുമായാണ്. അവര്‍, വഴിക്ക് ചില വീടുകളൊക്കെകയറി ഭിക്ഷ (നെല്ല്) വാങ്ങിച്ചുകൊണ്ടാണ് വരാറ്. അങ്ങനെ തെണ്ടി വരണം എന്നുമുണ്ട്. ഭിക്ഷയായി കിട്ടുന്ന നെല്ല് ചാക്കിലാക്കി ചുമന്നുനടക്കാന്‍ കോമരത്തിനൊപ്പം വേറെയും ആളുകള്‍ ഉണ്ടാകും. വഴിപാടായി നെല്ല് കൂടാതെ തിനപോലുള്ള ധാന്യങ്ങള്‍, കുരുമുളക്, മഞ്ഞള്‍പ്പൊടി, എള്ള്, കടുക്, തേങ്ങ എന്നിവയുണ്ടാകും. ഇവ പൊതിഞ്ഞുകെട്ടി പള്ളിമാടത്തിലേക്ക് എറിയുകയാണ് ചെയ്യാറ്. നാണയങ്ങളും എറിയാറുണ്ട്. കുരുമുളകും മഞ്ഞള്‍പ്പൊടിയും വസൂരിമാലയുടെ കെട്ടിലേക്കും എറിയും. കുരുമുളകും മഞ്ഞള്‍പ്പൊടിയുമാണ് വഴിപാടായി ഏറ്റവും കൂടുതല്‍ വരാറുള്ളത്....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

Piles (മൂലക്കുരു )