കാവുതീണ്ടല്‍
കൊടുങ്ങല്ലൂര്‍ ഭരണി; ചില പുരാവൃത്തങ്ങള്‍
കാവുതീണ്ടല്‍
അടികള്‍മാര്‍ തൃച്ചന്ദനച്ചാര്‍ത്തുപൂജ കഴിഞ്ഞു നടതുറന്നു പുറത്തുവരുമ്പോള്‍ അവര്‍ക്കും നായര്‍ മേധാവികളും മറ്റും അടങ്ങുന്ന ക്ഷേത്രം സ്ഥാനികള്‍ക്കും വലിയതമ്പുരാന്‍ മുദ്രവടികള്‍ നല്‍കും. ഭഗവതിക്ക് യുദ്ധത്തില്‍ പറ്റിയ മുറിവുകള്‍ക്കുള്ള ചികിത്സ നല്‍കിയതിനുശേഷം പടജനങ്ങള്‍ക്കും ഭൂതഗണങ്ങള്‍ക്കും വിജയം ആഘോഷിക്കാന്‍ നേതൃത്വം കൊടുക്കുന്നതിനായി വലിയ തമ്പുരാന്‍ ഭഗവതിയുടെ ആള്‍പ്പേരായി ദേവിയുടെ പടയിലെ പ്രധാനികള്‍ക്ക് ആയുധം കല്പിച്ചുകൊടുക്കുന്നതിന്റെ പ്രതീകമാണ് ഈ ചടങ്ങെന്നും അതിനുശേഷമുള്ള ആഹ്ലാദപ്രകടനമാണ് കാവുതീണ്ടലെന്നുമാണ് വിശ്വാസം. തുടര്‍ന്ന് പട്ടുകുട ഉയര്‍ത്തി കാവുതീണ്ടാനുള്ള അനുമതി നല്‍കും. കുട ഉയര്‍ന്നു കഴിയുന്നതോടുകൂടി അത്രനേരം കാവിനുചുറ്റും തിങ്ങിക്കൂടി നിന്നിരുന്ന കോമരങ്ങളും ഭക്തജനങ്ങളും തീവ്രമായ ശക്തിയോടും ആവേശത്തോടും കൂടി കാവിനുചുറ്റും ”അമ്മേശരണം, ദേവീശരണം” വിളികളോടെ കുതിച്ചോടുന്നു. കാഴ്ചക്കാരായ ആളുകള്‍ തിങ്ങി നില്‍ക്കുന്ന ഇടത്ത് അതുവരെയില്ലാതിരുന്ന ഒരു പ്രദക്ഷിണവഴി ഈ ആവേഗത്താല്‍ തനിയേ ഉണ്ടാകും. അവര്‍ തങ്ങളുടെ കയ്യിലുള്ള വടികൊണ്ട് ക്ഷേത്രത്തിന്റെ ചെമ്പുമേല്‍ക്കൂരയില്‍ ആഞ്ഞടിച്ചു ശബ്ദമുണ്ടാക്കിക്കൊണ്ടാണ് ഓടുന്നത്. വടികള്‍ കാവിനു മുകളിലേക്കു വലിച്ചെറിയുകയും ചെയ്യും. വാളുകൊണ്ടും മേല്‍ക്കൂരയില്‍ ആഞ്ഞുവെട്ടും. അതിഭീകരമായ ഒരു ആവേശമാണ് ഈ സമയത്ത് ഇവരില്‍ ഉണ്ടാവുക. ഓരോ തറയില്‍ നിന്നും ഓരോ സംഘവും ഓടി ഈ പ്രക്രിയയുടെ ഭാഗമാകും. ഇത് ഭരണിയിലെ ഒരു പ്രധാന കാഴ്ചയാണ്. ചോരയും മഞ്ഞള്‍പ്പൊടിയും നിറഞ്ഞ അവരുടെ രൂപവും മഞ്ഞള്‍പ്പൊടിയും മണ്ണിന്റെ പൊടിയും കലര്‍ന്ന അന്തരീക്ഷവും മീനച്ചൂടും കാവിനെ ഒരു യുദ്ധക്കളത്തിന്റെ പ്രതീതിയിലാക്കും. ഏകദേശം പതിനഞ്ചു മിനിറ്റു നേരം ഇതു തുടരും.
കാവുതീണ്ടലിനുശേഷം ദൂരദേശങ്ങളില്‍ നിന്നു വന്ന ഭക്തരെല്ലാം മടങ്ങും. (സാധാരണഗതിയില്‍ പിന്നീട് കോമരങ്ങള്‍ ഉണ്ടാവാറില്ല. പക്ഷേ വളരെ കുറച്ച് കോമരങ്ങള്‍ പിറ്റേ ദിവസവും, ഭരണിനാളില്‍ കാവില്‍ കാണാറുണ്ട്. അവര്‍ തുള്ളാറുമുണ്ട്). പിന്നീട് കാവിലുണ്ടാവുക കൊടുങ്ങല്ലൂരിന്റെ കിഴക്കന്‍ മേഖലകളായ മാള, പുത്തന്‍ചിറ, ചാലക്കുടി മുതലായ സ്ഥലങ്ങളിലെ കീഴാളരായ വിഭാഗങ്ങളാണ്. ചെറുമ, പുലയ വിഭാഗത്തിലുള്ളവരുടെ ചില ആഘോഷങ്ങള്‍ ഈ രാത്രിയില്‍ ഉണ്ടാകും. തെയ്യാട്ടം, മുടിയാട്ടം എന്നിവ ഇതില്‍ പ്രധാനമാണ്....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ