ഭക്തിയുടെ രൗദ്ര ഭരണി
ഭക്തിയുടെ രൗദ്ര ഭരണി
കൊടുങ്ങല്ലൂർ ഭരണി അറിയപ്പെടുന്നത് "ഭക്തിയുടെ രൗദ്രഭാവം" എന്നാണ്
ചരിത്രവും ഐതീഹ്യവും മിത്തും ഇഴചേർന്നു കിടക്കുന്ന മണ്ണാണ് കൊടുങ്ങല്ലൂർ. വേറെ ഒരു ക്ഷേത്രങ്ങളിലും ഇല്ലാത്ത വിചിത്രമായ ആചാരങ്ങൾ ഇവിടെ കാണാൻ സാധിക്കും
കോഴിക്കല്ലു മൂടൽ.:- കോഴിക്കല്ലിന്മേൽ ചുവന്ന പട്ടു വിരിച്ചു പൂവൻകോഴിയെ സമർപ്പിക്കുന്നതാണ് ചടങ്ങ്. കാളീ-ദാരികയുദ്ധം തുടങ്ങുന്നു എന്ന സങ്കൽപ്പത്തിൽ ആണ് "കോഴിക്കല്ലു മൂടൽ" നടത്തപ്പെടുന്നത്. ഗുരുതിക്ക് പകരമാണ് ഈ ചടങ്ങ്.
രേവതി വിളക്ക് :-
ആദിശക്തിയായ ഭദ്രകാളി ദാരുകനിൽ വിജയം വരിച്ച രേവതിനാളിലാണ് പ്രസിദ്ധമായ "രേവതി വിളക്ക്" നടത്തപ്പെടുന്നത്
ക്ഷേത്രത്തിന് മുൻപിൽ സ്ഥാപിച്ചിട്ടുള്ള കൽവിളക്കിൽ രേവതിദീപം തെളിയിക്കുന്നു. ദാരികനിൽ ഭദ്രകാളി വിജയം നേടിയതിന്റെ വിളംബരമാണ് രേവതി വിളക്ക്. രേവതി നാളിലെ ദേവീദർശനം ഐശ്വര്യപ്രദായകവും ദുരിതനാശകരവും ആണെന്നാണ് വിശ്വാസം. രേവതിക്ക് തലേ ദിവസം തന്നെ ധാരാളം ഭക്തജനങ്ങളും ചെമ്പട്ടണിഞ്ഞ കോമരങ്ങളും ക്ഷേത്രത്തിൽ എത്തിച്ചേരുന്നു.
തൃച്ചന്ദനച്ചാർത്ത് :-
ശാക്തേയ ആചാരപ്രകാരമുള്ള "തൃച്ചന്ദനച്ചാർത്ത്". ഇതൊരു രഹസ്യപൂജയാണ്. അതോടെ ഭഗവതി ഒരു സാധാരണക്കാരി ആയി മാറുന്നു എന്നാണ് ഐതീഹ്യം. പരാശക്തിയുടെ പ്രതിഷ്ഠയിൽ നിന്ന് ആഭരണങ്ങൾ എല്ലാം അഴിച്ചുമാറ്റി, ശ്രീകോവിൽ കഴുകി വൃത്തിയാക്കുന്നു. പിന്നീടുള്ള പൂജകൾ പുതിയ പാത്രങ്ങൾ ഉപയോഗിച്ചാണ്. കരിക്ക് മൂട് വെട്ടി ആ കരിക്കുവെള്ളവും മഞ്ഞൾപ്പൊടിയും ചേർത്ത് തൃച്ചന്ദനമുണ്ടാക്കി, വിഗ്രഹത്തിൽ ചാർത്തുന്നു.
കുന്നതുമഠം, നീലതുമഠം, മഠത്തിൽ മഠം എന്നീ മൂന്നു കുടുംബങ്ങളിലെ അടികൾമാർക്കാണ് ഇതിന്നവകാശം. ദേവി ഒരു സാധാരണക്കാരിയായി മാറുന്നു എന്നാണ് സങ്കൽപ്പം. പാരമ്പര്യമായി കിട്ടിയ രഹസ്യമന്ത്രങ്ങൾ കൊണ്ട് തൃച്ചന്ദനപൂജകൾ കഴിഞ്ഞ് അടികൾമാരും അകത്തുണ്ടായിരുന്ന തന്ത്രിയും തമ്പുരാനും പുറത്തിറങ്ങും. പിന്നീടാണ് കാവുതീണ്ടലിന് തമ്പുരാൻ അനുവാദം കൊടുക്കുന്നത്.
അശ്വതി കാവുതീണ്ടൽ :-
ദാരിക വധത്തിനു ശേഷം കോപം അടങ്ങാത്ത ഉഗ്രരൂപിണിയായ ഭദ്രകാളിയെ ശാന്തയാക്കാൻ ശിവഗണങ്ങൾ ദേവീസ്തുതികൾ പാടി നൃത്തമാടിയതിനെ അനുസ്മരിപ്പിച്ചു കൊണ്ടുള്ള ആഘോഷമാണ് "അശ്വതി കാവുതീണ്ടൽ"
ഭക്തിയുടെ രൗദ്രഭാവം" എന്ന് വിശേഷിപ്പിക്കുന്ന "കാവു തീണ്ടൽ" എന്ന ക്ഷേത്രം അശുദ്ധമാക്കുന്ന ചടങ്ങുമാണ് കൂടുതൽ പ്രാധാന്യമുള്ളത്. "തീണ്ടുക" എന്നാൽ അശുദ്ധമാക്കുക എന്നാണ് അർത്ഥം. ചുവന്ന പട്ടുടുത്ത് വാളും ചിലമ്പും ധരിച്ച ധാരാളം വെളിച്ചപ്പാടുകൾ അന്നേ ദിവസം ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. ഭക്തർ ക്ഷേത്രത്തിലെ ചെമ്പോല തകിടുകളിൽ മുളംതണ്ട് കൊണ്ട് അടിച്ചു മൂന്ന് പ്രദക്ഷിണം ചെയ്യുകയും ശെഷം മുളംതണ്ടിൽ താളമിട്ടു ദേവീസ്തുതികൾ പാടി നൃത്തം ചെയ്യുന്നു.
കാവുതീണ്ടലിനായി എത്തുന്ന കോമരങ്ങൾ കാവിന്റെ കിഴക്കേ നടയിലുള്ള വടക്കേടത്ത് മഠത്തിന്റെ മുറ്റത്താണ് തടിച്ചുകൂടുക. ഇവിടത്തെ അറയിൽ ഭഗവതി സാന്നിദ്ധ്യമുണ്ടെന്നാണ് വിശ്വാസം. ഇവിടെ നിന്ന് വെളിച്ചപ്പാട് പൂജിച്ചു നൽകുന്ന വാളുമായാണ് കോമരങ്ങൾ കാവുതീണ്ടുന്നത്
ഇതിനുശേഷം ഏഴുദിവസം കഴിഞ്ഞേ ക്ഷേത്രനട തുറക്കൂ. ഇതിനെ പൂയത്തന് നാളിൽ നടതുറപ്പ് എന്നാണ് പറയുക
ഭരണിപ്പാട്ട് :-
താനാരോ തന്നാരോ തന താനാരോ തന്നാരോ .....
പണ്ടൊരു മന്നൻ പാണ്ടിയിലുണ്ടായി പാണ്ഡ്യ രാജാവെന്ന നാമത്തോടെ ...
താനാരോ തന്നാരോ തന താനാരോ തന്നാരോ ....
കോഴിക്കല്ലുമൂടൽ ചടങ്ങു കഴിഞ്ഞ ഉടൻ തന്നെ വടക്കേഗോപുരത്തിൽ ഭരണിപ്പാട്ട് തുടങ്ങുന്നു. തൃശ്ശൂരിനടുത്തുള്ള വല്ലച്ചിറയിൽ നിന്നു വരുന്ന സംഘമാണ് പാടിത്തുടങ്ങുന്നത്. ഇവരുടെ ഒപ്പം കോമരങ്ങൾ ഉണ്ടാവില്ല. ഇവരിലെ കാരണവർ ദേവിയെ സ്തുതിച്ചുകൊണ്ട് പാടുകയും മറ്റുള്ളവർ തന്നാരം പാടുകയും ചെയ്യുന്നു. ഊരകത്തമ്മയും കൊടുങ്ങല്ലൂരമ്മയും തമ്മിലുള്ള ഒരു സംവാദം ഇവരുടെ ആദ്യപാട്ടിലുണ്ട്.
കാവ് തീണ്ടൽ നടക്കുന്ന അശ്വതി നാളിലാണു ഭരണിപ്പാട്ട് കൂടുതലായും പാടുന്നത്. ദൈവത്തിനെ സ്തുതിച്ചു കൊണ്ടും ലൈംഗികച്ചുവയുള്ള ഗാനങ്ങൾ പാടിക്കൊണ്ടും ആണു ഭക്തർ കാവ് തീണ്ടുന്നത്. ചിലർ തങ്ങളുടെ ജീവിതപ്രാരാബ്ധങ്ങളും രോഷത്തോടെ പാടി കാളിയെ സ്തുതിക്കുന്നു. ശാക്തേയപൂജയിലെ മൈഥുനത്തിന് പകരമായാണ് ലൈംഗികച്ചുവയുള്ള സ്തോത്രങ്ങൾ പാടിയിരുന്നത് എന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ ഇന്ന് "അമ്മേ നാരായണ" പോലെയുള്ള ഭഗവതിസ്തുതികൾ ആണ് കൂടുതലും പാടിക്കാണുന്നത്.
കണ്ണകിയുടെയും, കോവിലന്റെയും കഥകളും, കൊടുങ്ങല്ലൂരമ്മയുടെ ചരിത്രവും, ഐതീഹ്യങ്ങളും മിത്തുകളുമെല്ലാം ഭരണിപ്പാട്ടിന്റെ രൂപത്തിൽ കോമരങ്ങളും പരിവാരങ്ങളും പാടാറുണ്ട്. ദേവിയുടെ കടാക്ഷം ലഭിച്ച നാണു നായരുടെ കഥയും ഭരണിപ്പാട്ടിൽ പാടാറുണ്ട്.
അശ്ലീല ചുവയുള്ള ഈരടികളും ഭരണിപ്പാട്ടിൽ പാടാറുണ്ട്. എന്നാലിന്ന് പലർക്കും തെറിപ്പാട്ടുകൾ മാത്രമാണ് ഭരണിപ്പാട്ട്, എന്നാൽ തന്നാരം പാട്ടുകൾ ദേവിയെ പ്രസാദിപ്പിക്കാനുള്ള പഞ്ചാമകാര പൂജയുടെ ഭാഗമാണ്.
അവകാശത്തറ :-
ദേശങ്ങളിലെ കോമരങ്ങൾക്ക് ഭരണിക്കാലത്ത് ഒതുകൂടാനുള്ളതാണ് അവകാശത്തറകൾ. ഏകദേശം 47 തറകളോളമുണ്ട്. ഇതിൽ ഭൂരിഭാഗവും വടക്കൻ ജില്ലകളിൽ നിന്നും വരുന്ന ദേസക്കാരുടെ വകയാണ്.ആൽത്തറപണം പിരിക്കുന്നത്, കോതപറമ്പിലെ അരയം പറമ്പിൽ തറവാട്ടുകാരാണ്. ഈ പണം വലിയ തമ്പുരാനുള്ളതാണ്. തറകളിൽ ഉടമസ്ഥാവകാശം കുറിച്ചിട്ടുണ്ട്. ഭരണി നാളിൽ മറ്റു ദേശക്കാർക്ക് ഇവിടെ പ്രവേശനം ഇല്ല.
ഇതിലെ ഏറ്റവും പ്രധാന തറ നിലപാടു തറയാണ്. വലിയ തമ്പുരാൻ എഴുന്നെള്ളുന്നത് ഇവിടെയാണ്. കാവുതീണ്ടലിന് അനുമതി നൽകുന്നതിന്റെ അടയാളമായി ചുവന്ന പട്ടുകുട ഉയർത്തുന്നത് ഇവിടെയാണ്.
വരിനെല്ലിൻ പായസം :-
കാവുതീണ്ടൽ കഴിഞ്ഞ് പിറ്റേ ദിവസം (ഭരണി) വരിനെല്ലിന്റെ പായസമാണ് നിവേദ്യമായി നൽകുക.കാളി- ദാരിക യുദ്ധത്തിൽ മുറിവേറ്റ് ചികിൽസ കഴിഞ്ഞ് ദേവി ആദ്യം കഴിക്കുന്ന ഭക്ഷണമാണിത്.
40 കിലൊഗ്രാം ശർക്കര, 101 നാളികേരം, 101 കദളിപ്പഴം, 2 കിലൊഗ്രാം നെയ്യ്, സുഗന്ധദ്രവ്യങ്ങൾ എന്നിവ ചേർത്താണ് വരിയരിപായസം ഉണ്ടാക്കുന്നത്. പിറ്റേന്ന് മുതൽ ഒരോ നേരത്താണ് പൂജ. വടക്കേ നട അടഞ്ഞു കിടക്കുന്നതിനാൽ അടികൾ കിഴക്കേ നട വഴിയാണ് പൂജ ചെയ്യാനകത്ത് കയറുക.
വെന്നിക്കൊടി :-
വരിനെല്ലിന്റെ പായസ നേദ്യത്തിനുശേഷം ഭഗവതിയെ പള്ളിമാടത്തിൽ സങ്കൽപ്പിച്ചിരുത്തും. കിണ്ടിയിൽ ഉടയാടകളും, വാൽക്കണ്ണാടിയും വെച്ച് അതിനുമുമ്പിൽ നെറ്റിപ്പട്ടം വിരിച്ചുവെച്ച് കിഴക്കോട്ട് നിലവിളക്കുകൾ തെളിയിക്കും. ഇതോടെ വടക്കെ നടയിലെ കൊടിമരത്തിൽ വെന്നിക്കൊടി ഉയർത്തുന്നതോടെ ഭരണി മഹോൽസവും സമാപിക്കുന്നു.
താനാരോ തന്നാരോ തന താനാരോ തന്നാരോ...
ശ്രീകുരുമ്പെ ദേവി അമ്മേ ഭഗവതി കാത്തുകൊള്ളേണമേ യെന്നമ്മേ യെൻ പാപങ്ങൾ പൊറുക്കേണ...
താനാരോ തന്നാരോ തന താനാരോ തന്നാരോ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ