ശിലാവിസ്മയം
ശിലാവിസ്മയം....................
പൊട്ടിക്കാനാകാത്ത് എന്നർത്ഥം വരുന്ന ഗ്രീക്ക് പദമായ adamas എന്ന വാക്കിൽ നിന്നാണ് ഡയമണ്ട് എന്ന വാക്കിൻെറ ജനനം. ഈ വാക്ക് സൂചിപ്പിക്കുന്നതുപോലെ തന്നെ പ്രകൃതിദത്തമായ ഏറ്റവും കടുപ്പമേറിയ വസ്തുവാണ് അഥവാ പ്രകൃതിയിൽ കണ്ടുവരുന്നതിൽ ഏറ്റവും കഠിനമായ പദാർത്ഥമാണ് ഡയമണ്ട് അഥവാ വജ്രം. വെറും കരിയിലെ ആറ്റങ്ങൾ മാത്രമുള്ള വജ്രത്തിന് ഇത്രയും കാഠിന്യം വരാനുള്ള കാരണമെന്താണ്?. പ്രകൃതിയുടെ അസാധാരണമായ കരവിരുതാണ് ഇതിൻെറ പിന്നിൽ. കാർബൺ ആറ്റങ്ങൾ പ്രത്യേക രീതിയിൽ അടുക്കപ്പെട്ടതിനാലാണ് വജ്രത്തിന് ഇത്രയും കാഠിന്യമുള്ളത്. വജ്രത്തിലെ ഓരോ കാർബൺ ആറ്റവും മറ്റുനാലു കാർബൺ ആറ്റങ്ങളുമായി സഹസംയോജക ബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ഒരർത്ഥത്തിൽ ഒരു വജ്രക്കട്ടയെ മൊത്തത്തിൽ ഒരു ഭീമൻ തന്മാത്രയെന്നു പറയാം. അതിനാൽ വജ്രത്തെ പൊടിക്കുകയോ, മുറിക്കുകയോ സാധ്യമല്ലെന്നു പറയാം. വജ്രം കൊണ്ടുതന്നെയാണ് വജ്രത്തെ മുറിക്കുന്നത്. സഹസംയോജകബന്ധങ്ങളെ മുറിക്കുവാൻ വൻതോതിൽ ഊർജ്ജം ആവശ്യമായി വരുന്നതുകൊണ്ടാണ് വജ്രത്തിന് കാഠിന്യമുള്ളതായി പറയുന്നത്. സ്വതന്ത്രമായ ഇലക്ട്രോൺ ഇല്ലാത്തതിനാൽ വജ്രത്തിലൂടെ വൈദ്യുതി കടന്നു പോവുകയില്ല.
വൈരക്കല്ലുകൾ അഥവാ ഡയമണ്ടുകൾ ആരെയും ആകർഷിക്കുന്ന രത്നക്കല്ലുകളാണ്. പ്രസിദ്ധ ഫ്രഞ്ച് രസതന്ത്രജ്ഞനായിരുന്ന ലാവോസിയെ കരിയുടെ മറ്റൊരു രൂപം മാത്രമാണ് ഡയമണ്ട് എന്ന് 1772-ൽ ഒരു പരീക്ഷണത്തിലൂടെ തെളിയിക്കുകയുണ്ടായി. അദ്ദേഹം വൈരക്കല്ലിൻമേൽ ലെൻസ് ഉപയോഗിച്ച് സൂര്യപ്രകാശത്തെ കേന്ദ്രീകരിച്ചു കഠിനമായ ചൂടിൽ വൈരക്കല്ല് കാണാതായി. ചൂടായി ചുറ്റുപാടിൽനിന്നും ഒക്സിജനെ സ്വീകരിച്ച വൈരം കാർബൺഡൈ ഓക്സൈഡായി മാറിയതാണ് ഇതിനു കാരണമെന്ന് അദ്ദേഹം തെളിയിച്ചു. വജ്രം വെറും കരിയാണെന്ന രഹസ്യം അങ്ങനെയാണ് വെളിച്ചത്തായത്.
ഭൂമിക്കടിയിലെ ആയിരക്കണക്കിനു വർഷത്തെ കൊടും ചൂടും, സമ്മർദ്ദവും മൂലമാണ് കാർബണുകൾ വജ്രമായി രൂപപ്പെടുന്നത്. ഭൂഗർഭത്തിൽ സൃഷ്ടിക്കപ്പെടുന്ന ഇത്തരം വജ്രശിലകൾ അഗ്നിപർവ്വത സ്ഫോടനത്തിലൂടെയോ, ഭൂഗർഭ ഉറവകൾ വഴിയോ ഭൂമിയുടെ ഉപരിതലത്തിൽ എത്തുന്നു. ആഴമാർന്ന നദികളിൽ നിന്നും, ഭൂഗർഭക്കുഴികളിൽ നിന്നുമൊക്കെയാണ് ഡയമണ്ട് ഖനനം ചെയ്തെടുക്കുന്നത്. വജ്രത്തിൻെറ കാഠിന്യവും, പരിശുദ്ധിയും, ചന്തവും പുരാതന കാലം മുതൽക്കു തന്നെ അതിനെ വിലപിടിപ്പുള്ള വസ്തുവാക്കി മാറ്റി. ഖനികളിൽ നിന്നും ലഭിക്കുന്ന ഈ സുതാര്യമായ പാറക്കഷണത്തെ കലാകാരന്മാരുടെ വൈദഗ്ധ്യത്താൽ ചെത്തി മിനുക്കി, പ്രകാശം വർഷിക്കുന്ന അസുലഭ സൗന്ദര്യമുള്ള വസ്തുവായി രൂപം മാറ്റുന്നു.
വജ്രത്തിലെ പ്രകാശത്തിൻെറ വേഗം വായുവിനേക്കാൾ കുറവാണ്. തന്മൂലം ഒരു പ്രകാശ കിരണം വായുവിൽ നിന്നും വജ്രത്തിലേക്ക് കടക്കുമ്പോഴുണ്ടാകുന്ന വ്യതിയാനം കൂടുതലായിരിക്കും. അഥവാ വജ്രത്തിൻെറ അപവർത്തനാങ്കം ഏറ്റവും ഉയർന്നതായിരിക്കും. പ്രകാശകിരണം വജ്രത്തിൻെറ ഉപരിതലത്തിൽ പതിച്ചാൽ അത് വജ്രത്തിനുള്ളിലേക്ക് അപവർത്തനം ചെയ്യപ്പെടുന്നു. ഇവിടെ അപവർത്തന കോൺ (r) എപ്പോഴും പതനകോണിലും (i) കുറവായിരിക്കും. പതനകോൺ 90 ഡിഗ്രി ആയാൽ അപവർത്തനകോൺ 24.5 ഡിഗ്രിയേ ഉണ്ടാവൂ. അതായത്, വജ്രത്തിൻെറ ഉപരിതലത്തിൽ വീഴുന്ന എല്ലാ പ്രകാശകിരണങ്ങളും അത് ഏതു കോണിൽ വീഴുന്നതായാലും ശരി വജ്രത്തിനുള്ളിൽ പ്രവേശിക്കുമ്പോൾ 49 ഡിഗ്രി കോണിലേക്ക് ഒതുക്കപ്പെടുന്നു. പ്രകാശകിരണം പുറത്തുപോകാതെ വജ്രത്തിനുള്ളിൽ തന്നെ കുടുങ്ങിക്കിടക്കുന്നു. ഈ പ്രതിഭാസത്തെ പൂർണ്ണ ആന്തരികപ്രതിഫലനം എന്നാണ് പറയുന്നത്. 24 ഡിഗ്രിക്കും, 9 ഡിഗ്രിക്കും ഇടയിൽ വീഴുന്ന പ്രകാശകിരണങ്ങളെല്ലാം അതായത് മുക്കാൽ ഭാഗം പ്രകാശകിരണങ്ങളും പൂർണ്ണ ആന്തരിക പ്രതിഫലനം വഴി വജ്രത്തിനുള്ളിലേക്കു തന്നെ തിരിച്ചു പോകുന്നു. വജ്രം ചെത്തിമിനുക്കുന്നത് അവയ്ക്ക് പലമുഖങ്ങൾ നൽകികൊണ്ടാണ്. പല മുഖങ്ങളുള്ളതുകൊണ്ട് ഈ പ്രക്രിയ പലതവണ ആവർത്തിക്കുന്നു. അതുപോലെ തന്നെ പല മുഖങ്ങളിലൂടെയും ഇങ്ങനെ ഉള്ളിലേക്കു കടന്ന് ശക്തിയാർജ്ജിച്ച പ്രകാശവുമായി ഇവ കൂടിച്ചേർന്ന്, ഒരു പ്രത്യേക മുഖത്തിലെത്തുമ്പോൾ പതനകോൺ 24.5 ഡിഗ്രിയിലും കുറവാകുന്നുവെന്ന് കരുതുക, ഇവയെല്ലാം അതുവഴി പുറത്തേക്കുപോകും. ആ ഭാഗം ശക്തമായ പ്രകാശം പുറത്തു വിടുന്നതിനാൽ കാണുന്ന ആൾക്ക് ആ ഭാഗം തിളങ്ങുന്നതായും, മറ്റു ഭാഗങ്ങൾ മങ്ങിയതായും തോന്നും. വജ്രം ചലിപ്പിക്കുമ്പോൾ മറ്റുചില മുഖത്തുനിന്ന് പ്രകാശം പുറത്തേക്ക് വരികയും ചില ഭാഗങ്ങളിൽ നിന്ന് വരാതിരിക്കുകയും ചെയ്യുന്നു. ഇതാണ് ചലിപ്പിക്കുമ്പോൾ വജ്രം വെട്ടിത്തളങ്ങുന്നതിൻെറ കാരണം. അലങ്കാര വജ്രത്തിൻെറ ഇനം നിശ്ചയിക്കുന്നത് അതിൻെറ നിറത്തെയും, പരിശുദ്ധിയേയും ആധാരമാക്കിയാണ്. പലതരം മാലിന്യങ്ങൾ കലർന്ന് സുതാര്യത നഷ്ടപ്പെട്ടാൽ അത് വജ്രത്തിൻെറ ഗുണത്തെയും ബാധിക്കും. വജ്രങ്ങൾക്ക് പേരുകേട്ട രാജ്യത്തെയും, അവിടെ ലഭ്യമാക്കുന്ന കല്ലുകളുടെ ഗണത്തേയും, ചെത്തിമിനുക്കുന്നവരുടെ മിടുക്കിനേയും, പണിതീർന്ന കല്ലുകൾ നോക്കിയാൽ മനസ്സിലാക്കാൻ കഴിയും. ഇന്ന് ഇന്ത്യ ഇക്കാര്യത്തിൽ വളരെ മുന്നിലാണ്.
അസംസ്കൃത വസ്തുവായ വജ്രശിലയെ ചെത്തി മിനുക്കി മൂല്ല്യവത്തായ രത്നമാക്കിമ
ാറ്റുന്ന പ്രകൃയയാണ് ഡയമണ്ട് കട്ടിങ്. വജ്രശിലയെ സ്കാനിങ്ങിനു വിധേയമാക്കി ത്രിമാന ചിത്രമെടുത്താണ് ഇന്നത്തെക്കാലത്ത് ഒരു ഡയമണ്ട് എങ്ങനെ ചെത്തി മിനുക്കിയെടുക്കണമെന്ന് തീരുമാനിക്കുന്നത്. കാരറ്റ് വാല്യൂ പരമാവധി നിലനിർത്തി, അതിൻെറ തനതു നിറത്തിനു കോട്ടമൊന്നുമുണ്ടാക്കാതെ വജ്രത്തിന് പരമാവധി മൂല്ല്യം ഉറപ്പാക്കാൻ ഈ രീതി സഹായകരമാകുന്നു. ഓരോ വജ്രശിലയ്ക്കും വ്യത്യസ്ത കടുപ്പമായിരിക്കും. അതിനനുസരിച്ചുള്ള ബ്ലേഡുകളും, മറ്റും ഇന്ന് ലഭ്യമാണ്. ഏറ്റവും തുച്ഛമായ ചെലവിൽ വജ്രം ചെത്തി മിനുക്കുന്നതിന് ലോക പ്രശസ്തമാണ് ഗുജറാത്തിലെ സൂററ്റ് നഗരം. ഇസ്രയേലിലെ ടെൽ-അവീവ്. അമേരിക്കയിലെ ന്യൂയോർക്ക് സിറ്റി എന്നിവയും വജ്ര രൂപകൽപ്പനയ്ക്ക് പ്രസിദ്ധമാണ്. ലോകത്തിലെ 80 ശതമാനം ഡയമണ്ടുകളും കൈകാര്യം ചെയ്യപ്പെടുന്നത് ബൽജിയത്തിലെ ആൻെറ്വർപ്പ് ഡയമണ്ട് ഡിസ്ട്രിക്ടിലാണ്.
മനുഷ്യാവകാശങ്ങൾ ലംഘിച്ച് സ്ത്രീകളെയും, കുട്ടികളെയും ഖനികളിൽ അടിമവേല ചെയ്യിച്ച് ആഫ്രിക്കൻ രാജ്യങ്ങളിൽ അനധികൃതമായി വജ്രം ഖനനം ചെയ്യപ്പെടുന്നുണ്ട്. ഭീകര സംഘടനകൾക്കും, സൈനിക ഗ്രൂപ്പുകൾക്കും, പട്ടള ഭരണാധികാരികൾക്കുമൊക്കെ ആയുധങ്ങളും, വെടിക്കോപ്പുകളും വാങ്ങാനുള്ള പ്രധാന വരുമാന മാർഗ്ഗങ്ങളിലൊന്നാണ് ഈ അനധികൃത വജ്ര ഖനനം.വിലകുറഞ്ഞു ലഭിക്കുന്നതിനാൽ റഷ്യയും, ഇസ്രയേലുമൊക്കെ ഇത്തരം വജ്രം വൻതോതിൽ വാങ്ങിക്കുന്നണ്ട്. ഇസ്രയേലിൻെറ കയറ്റുമതി വരുമാനത്തിൻെറ മൂന്നിലൊന്ന് ഭാഗവും വജ്രക്കച്ചവടത്തിലൂടെയാണ് ഇത്തരം അനധികൃത വജ്രക്കച്ചവടത്തിൻെറ കഥ പറയുന്ന ഹോളിവുഡ് സിനിമയാണ് ബ്ലഡ് ഡയമണ്ട്. 2006-ലാണ് ലിയനാർഡോ ഡികാപ്രിയോ, ദിമോൺ ഹോൺസോ എന്നിവർ മുഖ്യ അഭിനേതാക്കളായ ബ്ലഡ് ഡയമണ്ട് റിലീസായത്. ഈ സിനിമയിറങ്ങിയ ശേഷം ഇത്തരം ഡയമണ്ടുകൾ ബ്ലഡ് ഡയമണ്ട് എന്നറിയപ്പെടാൻ തുടങ്ങി. ലോകത്തിലാകെയുള്ള വജ്രശേഖരണത്തിൻെറ 25 ശതമാനം ബ്ലഡ് ഡയമണ്ടുകളാണത്രെ.
മിക്ക വജ്രക്കല്ലുകൾക്കും നിറമില്ല, എന്നാൽ അപൂർവ്വമായി പച്ച, നീല, ചുവപ്പ് എന്നീ നിറങ്ങളിലും കാണപ്പെടുന്നുണ്ട്. ലോകത്ത് ഇതുവരെ അഞ്ചോളം ചുവപ്പു വജ്രക്കല്ലുകളേ കണ്ടെത്തിയിട്ടുള്ളൂ. കാർബണിൽ കലരുന്ന മിനറലുകളാണ് വജ്രത്തിൻെറ നിറങ്ങൾക്കു കാരണം. കാർബണിൽ നൈട്രജൻ കലർന്ന് രൂപപ്പെടുന്നതാണ് മഞ്ഞ ഡയമണ്ട്, ബോറോൺ കലർന്നാൽ നീലനിറവും, പരലുകളുടെ അടുക്കുകളിലുള്ള സ്ഥാന ഭ്രംശം മൂലം ബ്രൗൺ, പച്ച, പീച്ച് നിറങ്ങളിലും കാണപ്പെടുന്നു.
അമേരിക്കയിലെ ജനറൽ ഇലക്ട്രിക് കമ്പനിയിലെ ഗവേഷക സംഘമാണ് കൃത്രിമ ഡയമണ്ട് ആദ്യമായി നിർമ്മിച്ചത്. 1955-ൽ സാധാരണ കാർബണിനെ അത്യുന്നത മർദ്ദത്തിലും, താപത്തിലും ഒരു ഉൽപ്രേരകത്തിൻെറ സഹായത്തോടെ വജ്രമാക്കി മാറ്റുകയാണ് ഇവർ ചെയ്തത്. കട്ടിങ്, പോഷീഷിങ് ഉപകരണങ്ങളിൽ ഇത്തരം വജ്രമാണ് ഉപയോഗിക്കുന്നത്. കോൺക്രീറ്റ് കട്ടിങ്ങിനും, മറ്റുമുപയോഗിക്കുന്ന ബ്ലേഡുകളിൽ പൂശാൻ ഉപയോഗിക്കുന്നത് കൃത്രിമ വജ്രപ്പരലുകളാണ്. പ്രകൃതിജന്യ വജ്രത്തേക്കാൾ വിലകുറവാണ്, ശുദ്ധമാണ് എന്നിവയെല്ലാം കൃത്രിമ വജ്രത്തിൻെറ മേന്മകളാണ്. ഇന്ത്യയിൽ 3000 കോടി രൂപയുടെയെങ്കിലും കൃത്രിക ഡയമണ്ടുകൾ പ്രചാരത്തിലുണ്ട് എന്നാണ് കണക്ക്.
ലോകപ്രശസ്തമായ രത്നങ്ങൾക്കു പേരുകേട്ട രാജ്യമായിരുന്നു ഭാരതം. ഇതിൽ ഒന്നാമൻ കോഹിനൂർ തന്നെ. കോഹിനൂർ എന്ന വാക്കിൻെറ അർത്ഥം പ്രഭാപർവ്വതം (Mountain of light) എന്നാണ്. 5000 വർഷങ്ങൾക്കു മുമ്പ് അംഗരാജാവായ കർണ്ണൻെറ ശേഖരണത്തിലായിരുന്നു ഈ രത്നമെന്നൊരു ഐതീഹ്യം നിലവിലുണ്ട്. പിന്നീട് ഉജ്ജയിനിയിലെ രാജാവായ വിക്രമാദിത്യൻെറ കയ്യിലെത്തി. പിന്നീട് മുഗളന്മാരും, പേർഷ്യയിൽ നിന്നുവന്ന നാദിർഷായും ഇതു കൈക്കലാക്കി. പിന്നീടതു പല കൈമറിഞ്ഞ് സിഖ് ഭരണാധിപനായ മഹാരാജാ രഞ്ജിത് സിങ്ങിൻെറ കൈയിലെത്തി. 1849-ൽ ബ്രിട്ടീഷുകാർ പഞ്ചാബ് കീഴടക്കിയപ്പോൾ കോഹിനൂർ രത്നവും സ്വന്തമാക്കി. അവരത് വിക്ടോറിയ രാജ്ഞിക്കു സമർപ്പിച്ചു. ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തിലെ പ്രധാന രത്നമായി ഇന്ന് കോഹിനൂർ വിരാജിക്കുന്നു. 191 കാരറ്റ് തൂക്കമുണ്ടായിരുന്ന കോഹിനൂർ മുറിക്കപ്പെട്ടതായും ഇപ്പോഴുള്ളതിന് 108.93 കാരറ്റ് തൂക്കം മാത്രമേ ഉള്ളൂവെന്നും പറയപ്പെടുന്നു.
വജ്രഖനനത്തിൻെറ ജന്മനാട് ഇന്ത്യയാണ്. ക്രിസ്തുവിന് മുമ്പ് 300-400 കളിൽ തന്നെ ഇവിടെ വജ്ര ഖനനത്തിനു തുടക്കമായി എന്നാണ് കരുതപ്പെടുന്നത്.
കാഠിന്യം അളക്കാനുള്ള യൂണിറ്റാണ് Mohs Scale. ഈ സ്കെയിലിനനുസരിച്ച് വജ്രത്തിൻെറ കാഠിന്യം 10 ആണ്.
ഡയമണ്ടിൻെറ വലുപ്പത്തെ കാരറ്റ് അളവിലാണ് പറയാറുള്ളത്. അതുപോലെ സ്വർണ്ണത്തിനും 24 കാരറ്റ് 22 കാരറ്റ് എന്നൊക്കെയാണ് പറയാറുള്ളത്. ഈ 2 കാരറ്റും തമ്മിലുള്ള വ്യത്യാസം, വജ്രത്തിൽ കാരറ്റ് എന്ന പദം ഉപയോഗിക്കുന്നത് അതിൻെറ ഭാരത്തെ സൂചിപ്പിക്കാനാണ്. അഞ്ചുകാരറ്റുള്ള ഒരു വജ്രക്കല്ലിൻെറ ഭാരം ഒരു ഗ്രാം ആണ്. അതായത് വജ്രത്തിൻെറ കാര്യത്തിൽ ഒരു കാരറ്റ് സമം 200 മില്ലിഗ്രാം. സ്വർണ്ണത്തിൻെറ കാര്യത്തിലാകട്ടെ അതിൻെറ പരിശുദ്ധിയുടെ അളവാണ് കാരറ്റ്. 24 കാരറ്റ് എന്നത് ശുദ്ധ സ്വര്‍ണ്ണം അഥവാ തങ്കം ആണ്. 18 കാരറ്റ് സ്വർണ്ണത്തിൽ 18/24 ഭാഗം മാത്രമേ സ്വർണ്ണമുള്ളൂ. ബാക്കി ചെമ്പോ മറ്റു ലോഹമോ ആയിരിക്ക
ും. സ്വർണ്ണത്തിനു ബലം കൂട്ടാനായാണ് മറ്റു ലോഹം ചേർക്കുന്നത്.
ഏറ്റവും മികവുറ്റ രീതിയിൽ നിർമ്മിക്കപ്പെടുന്ന കൃത്രിമ വജ്രം തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്. ഈ പ്രശ്നം പരിഹരിക്കാനായി അമേരിക്കയിലെ ജെമ്മോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ഉപകരണമാണ് സിന്തറ്റിക് ഡയമണ്ട് ഡിറ്റക്ടർ.
വിപണിയിൽ ഏറ്റവും കൂടുതൽ വില ലഭിക്കുന്ന വജ്രമാണ് ഐസി വൈറ്റ് (Icy white). 100 ശതമാനം കാർബൺ മാത്രമടങ്ങിയ സുതാര്യ വജ്രമാണിത്.
ഭാരത്തിൽ കുള്ളിനനെ തോൽപ്പിക്കുന്ന ഒരു വജ്രവും ഇതുവരെ കണ്ടെത്തിയിട്ടില്ല. 3106 കാരറ്റ് ആയിരുന്നു കുള്ളിനൻെറ ഭാരം. കുള്ളിനന് ഒരു പിൻഗാമിയുണ്ടായത് ഈയിടെയാണ്. ബോട്സ്വാനയിലെ ഖനിയിൽ നിന്നാണ് 1,111 കാരറ്റ് ഭാരമുള്ള വജ്രം കണ്ടെത്തിയത്.
വജ്രക്കല്ലുകൊണ്ടുള്ള ചികിൽസാരീതി ലിതോതെറാപി എന്നാണറിയപ്പെടുന്നത്.
വജ്രക്കല്ലുകളെക്കുറിച്ചുള്ള പഠനശാഖയാണ് ജെമ്മോളജി. രത്നങ്ങളെ തിരിച്ചറിയുക, ഗുണനിലവാരം പരിശോധിക്കുക, മുറിച്ചുമാറ്റി രൂപപ്പെടുത്തുക, പോളീഷ് ചെയ്യുക, കൃത്രിമ രത്നങ്ങളുണ്ടാക്കുക തുടങ്ങിയവയാണ് ജെമ്മോളജിസ്റ്റിൻെറ ജോലി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ