RDS -220 (സാർ ബോംബ)
''സാർ ബോംബ" (RDS -220)
മനുഷ്യർ ഇതുവരെ പൊട്ടിച്ചവയിലെ ഏറ്റവും വലിയ ഹൈഡ്രജൻ ബോംബാണ് സാർ ബോംബ. എട്ടു മീറ്റർ നീളം, 2.1 മീറ്റർ വ്യാസം, 27000 കിലോ ഭാരം
ഔദ്യോഗികനാമധേയം ആർ ഡി എസ് 220 ആയിരുന്നെങ്കിൽ, ഏ എൻ 602 ആയിരുന്നു അതിന്റെ രഹസ്യനാമധേയം. ബിഗ് ഐവാൻ, കുസ്കീനാ മാറ്റ് ("കുസ്കയുടെ മാതാവ്") എന്നീ പേരുകളാലും അതറിയപ്പെട്ടിരുന്നു. സാർ ബോംബ എന്ന പേരാണ് ഏറ്റവും പ്രചാരത്തിലായത് സാർ ബോംബയ്ക്ക് 50 മെഗാടൺ മുതൽ 58 മെഗാടൺ വരെ സ്ഫോടകശക്തിയുണ്ടായിരുന്നു.
ഹിരോഷിമയിൽ പ്രയോഗിച്ച ലിറ്റിൽ ബോയ്, നാഗസാക്കിയിൽ പ്രയോഗിച്ച ഫാറ്റ് മാൻ എന്നീ അണുബോംബുകളുടെ ആകെ ശക്തിയുടെ 1500 മടങ്ങായിരുന്നു, സാർ ബോംബയുടേത്. ഏഴു വർഷം നീണ്ട രണ്ടാം ലോകമഹായുദ്ധത്തിൽ ഉപയോഗിച്ച എല്ലാ ബോംബുകളുടേയും ആകെ ശക്തിയുടെ പത്തിരട്ടി. സാർ ബോംബയുടെ യഥാർത്ഥ സ്ഫോടകശക്തി 100 മെഗാടണ്ണായിരുന്നു. അതു പൊട്ടിയ്ക്കുന്നതിനു മുമ്പ് അതിന്റെ ശക്തി ഏകദേശം പകുതിയായി കുറയ്ക്കുകയാണുണ്ടായത്.
1961 ഒക്ടോബർ മുപ്പതിന് സാർ ബോംബ പൊട്ടിച്ചു. സ്ഥലം, നൊവായ സെം ല്യയിലെ മിത്യുഷിഖ ബേ ടെസ്റ്റ് റേയ്ഞ്ച്. റഷ്യയുടെ വടക്കുപടിഞ്ഞാറൻ മൂലയ്ക്കുള്ള, 90650 ചതുരശ്ര കിലോമീറ്റർ വിസ്താരമുള്ള ഒരു ദ്വീപാണു നൊവായ സെം ല്യ. ദ്വീപിനു കുറുകെയുള്ള വീതി കുറഞ്ഞൊരു കടലിടുക്ക് നൊവായ സെം ല്യയെ തെക്കും വടക്കുമായി വിഭജിയ്ക്കുന്നു. മറ്റോച്കിൻ എന്ന പേരിലറിയപ്പെടുന്ന ഈ കടലിടുക്കിനോടു ചേർന്നുള്ള മിത്യുഷിഖ ബേ ടെസ്റ്റ് റേഞ്ചിന്റെ മുകളിലാണ് സാർ ബോംബ പൊട്ടിയത്. നൊവായ സെം ല്യയ്ക്ക് നമ്മുടെ പശ്ചിമബംഗാളിനേക്കാളേറെ വലിപ്പമുണ്ടെങ്കിലും, അവിടുത്തെ ഇപ്പോഴത്തെ ജനസംഖ്യ 2429 മാത്രം. പശ്ചിമബംഗാളിലാകട്ടെ, ഒമ്പതു കോടിയും. 1961ൽ, സാർ ബോംബ പൊട്ടിയ്ക്കുന്നതിനു മുമ്പ് നൊവായ സെം ല്യയിലെ മുഴുവൻ ജനതയേയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ടായിരുന്നു.
സാർ ബോംബ പൊട്ടിയപ്പോഴുണ്ടായ മിന്നൽ ആയിരം കിലോമീറ്റർ അകലെ നിന്നു പോലും കാണാമായിരുന്നു. ഭൂനിരപ്പിൽ നിന്ന് നാലു കിലോമീറ്റർ ഉയരത്തിൽ വച്ചാണു സാർ ബോംബ പൊട്ടിയതെങ്കിലും, സ്ഫോടനം ഭൂതലത്തിൽ ആഘാതമുണ്ടാക്കി. ഈ ആഘാതം റിക്റ്റർ സ്കെയിലിൽ അഞ്ചോളം ശക്തിയുള്ള ഭൂകമ്പത്തിനു തുല്യമായിരുന്നു. ബോംബു പൊട്ടിയപ്പോഴുണ്ടായ മർദ്ദം ഭൂഗോളത്തെ മൂന്നു തവണ പ്രദക്ഷിണം വച്ചു. 900 കിലോമീറ്റർ അകലെയുള്ള നോർവ്വേയിലേയും ഫിൻലന്റിലേയും പോലും ജനൽച്ചില്ലുകൾ തകർന്നു.
സാർ ബോംബ പൊട്ടിയപ്പോൾ അമ്പതു മുതൽ അമ്പത്തെട്ടു മെഗാടൺ വരെ ടി എൻ ടിയ്ക്കു തുല്യമായ സ്ഫോടനശക്തി ഉത്പാദിപ്പിച്ചെന്നു മുകളിൽ സൂചിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിൽ പ്രയോഗിയ്ക്കപ്പെട്ട എല്ലാ സ്ഫോടകവസ്തുക്കളുടേയും സംയോജിത സ്ഫോടകശക്തിയുടെ പത്തിരട്ടിയോളമായിരുന്നു, ഇതെന്നും കണക്കാക്കപ്പെട്ടിരിയ്ക്കുന്നു
ചൈനയേയും ഇന്ത്യയേയും അമേരിക്കയേയും മാറ്റിനിർത്തിയാൽ, ശേഷിയ്ക്കുന്ന 243 രാഷ്ട്രങ്ങളിലെ ഏതിൽ നിന്നും മനുഷ്യവർഗ്ഗത്തെ തുടച്ചുനീക്കാൻ സാർ ബോംബയെപ്പോലൊരെണ്ണം മാത്രം മതി. അമേരിക്കയിലാണതു പൊട്ടുന്നതെങ്കിൽ ജനതയുടെ 14 ശതമാനം മാത്രം അവശേഷിയ്ക്കും. ബോംബ റഷ്യയിൽ വച്ചുതന്നെ പൊട്ടിയിരുന്നെന്നു കരുതുക: പതിനഞ്ചുകോടിയിൽത്താഴെ മാത്രം ജനസംഖ്യയുള്ള റഷ്യയിലെ മനുഷ്യവർഗ്ഗം മുഴുവനും ഭസ്മമായേനെ.
ബോംബയെപ്പോലെ വിനാശകാരിയായ ഒരു ബോംബിന്റെ പോലും നാശനഷ്ടങ്ങൾ അഞ്ഞൂറോ അറുനൂറോ കിലോമീറ്ററിനുള്ളിൽ മാത്രമേ ഉണ്ടാകുകയുള്ളു. ഒന്നേമുക്കാൽക്കോടി ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള റഷ്യയിലെ മുഴുവൻ ജനസംഖ്യയും ഒരൊറ്റ ബോംബുകൊണ്ട് മരണമടയുകയില്ല, തീർച്ച. ഏകദേശം ഒരു കോടി ചതുരശ്രകിലോമീറ്ററോളം വലിപ്പമുള്ള ചൈനയുടേയും അമേരിക്കയുടേയും സ്ഥിതിയും അങ്ങനെ തന്നെ. 33 ലക്ഷം ചതുരശ്രകിലോമീറ്റർ വലിപ്പമുള്ള ഇന്ത്യയേയും ഒരു സാർ ബോംബ കൊണ്ടു നശിപ്പിയ്ക്കാനാവില്ല.
ഒരാണവയുദ്ധമുണ്ടാകുന്നെന്നും, ആണവായുധങ്ങൾ ഏതെല്ലാം രാജ്യങ്ങളുടെ പക്കലുണ്ടോ അവരെല്ലാം അവയെല്ലാമെടുത്ത് തലങ്ങും വിലങ്ങും പ്രയോഗിയ്ക്കുന്നെന്നും കരുതുക. എങ്കിലെന്തായിരിയ്ക്കാം സംഭവിയ്ക്കുക?
ഇന്നു ലോകത്ത് ഉപയോഗിയ്ക്കാൻ തയ്യാറായ നിലയിലുള്ള 10144 ന്യൂക്ലിയർ ബോംബുകളുണ്ട് എന്നാണു കണക്ക്. ഇവയിൽ ഭൂരിഭാഗവും അഞ്ചും ആറും മെഗാടൺ വീതം ശക്തിയുള്ളവയാണ്. ചിലതിന് പത്തും ഇരുപതും മെഗാടൺ ശക്തിയുണ്ട്. എങ്കിലും കണക്കു ചെയ്യാനുള്ള എളുപ്പത്തിനു വേണ്ടി, ഇവയെല്ലാം ഓരോ മെഗാടൺ വീതം മാത്രം ശക്തിയുള്ളതാണെന്നു കരുതുക. അങ്ങനെയെങ്കിൽ ഇന്നുള്ള അണ്വായുധശേഖരത്തിന്റെ ആകെ ശക്തി 10144 മെഗാടൺ. 36 കിലോടൺ കൊണ്ട് രണ്ടുലക്ഷം പേർ മരണമടഞ്ഞെങ്കിൽ, 10144 മെഗാടൺ കൊണ്ട് ആകെ എത്ര പേർ മരണമടയും?
ഉത്തരം 5635 കോടി ജനം!
ഭൂമിയിലിപ്പോഴാകെയുള്ള ജനം 700 കോടി മാത്രം. ഭൂമുഖത്തു നിന്ന് മനുഷ്യവർഗ്ഗത്തെ എട്ടു തവണ തുടച്ചുനീക്കാൻ മതിയായതാണ് ഇന്നുള്ള ആണവായുധശേഖരം.............
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ