ലോകം കടലിനും മരുഭൂമിക്കും ഇടയിൽ
ലോകം കടലിനും മരുഭൂമിക്കും ഇടയിൽ
ഭാഗം 1
വർഷം തോറും 700 ലക്ഷം പേർ എന്ന ജനസംഖ്യാ വർധന ഭൂമി നേരിടുന്ന യഥാർത്ഥ വെല്ലുവിളിയാണ്.ജനസംഖ്യ വർധിക്കുകയും കരഭാഗം ശോഷിക്കുകയും കൂടിയാകുമ്പോൾ ആ വെല്ലുവിളി പൂർണമാവുന്നു. വളരുന്ന മരുഭൂമികളും ഉയരുന്ന സമുദ്രവും ചേർന്ന് കരയെ ഭീതിജനകമാംവിധം ഞെരുക്കി കൊണ്ടിരിക്കുകയാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. സമുദ്രനിരപ്പ് ഉയരുന്നത് ആഗോളതാപനത്തിന്റെ പ്രത്യാഘാതം കൂടിയാണ്.കടലിനും മരുഭൂമിക്കും ഇടയിൽപ്പെട്ട കരയുടെ സ്ഥിതിയറിയാൻ ചൈനയുടേയും നൈജീരിയയുടേയും ഉദാഹരണം സഹായിക്കുമെന്ന് " എർത്ത് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ "റിപ്പോർട്ട് പറയുന്നു. ഏഷ്യയിലേയും ആഫ്രിക്കയിലേയും ജനസംഖ്യ കൂടിയ രാജ്യങ്ങളാണ് ഇവ രണ്ടും. മരുവത്കരണത്തിന്റെ കഠിന ഭീഷണിയിലാണ് ചൈന.1950-1975 കാലത്ത് പ്രതിവർഷം 1560 ചതുരശ്ര കിലോമീറ്റർ എന്ന കണക്കിലാണ് മരുവത്കരണം നടന്നത്.2000 ത്തിൽ ഇത് ഇരട്ടിയിലേറേയായി.
മധ്യവടക്കൻ ചൈനയിലെ രണ്ട് മരുഭൂമികൾ വർഷം തോറും വളർന്ന് ഒന്നാകാൻ പോവുകയാണെന്ന് ഉപഗ്രഹ പഠനങ്ങൾ വ്യക്തമാക്കുന്നു. ഇന്നർ മംഗോളിയ മുതൽ ഗാനസു പ്രവിശ്യവരെ വ്യാപിച്ചുകിടക്കുന്ന മരുഭൂമിയാണ് ഉണ്ടാക്കാൻ പോകുന്നത്. പടിഞ്ഞാറൻ മേഖലയിൽ ഇതിലും ഗുരുതരമാണ് ഷിൻജിയാങ് പ്രവിശ്യയിൽ താക്ലിമാകാൻ , കുംടാഗ് മരുഭൂമികൾ വികസിച്ച് ലയിക്കാറായിരിക്കുന്നു. ഗോബി മരുഭൂമിയാണെങ്കിൽ അനുദിനം വളർന്ന് കിഴക്ക് ബെയ്ജിങ്ങിന് 241 km അകലെവരെ എത്തി കഴിഞ്ഞു.രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ മണൽക്കാടുകളുടെ വളർച്ച മൂലം 24000 ഗ്രാമങ്ങൾ പൂർണമായോ ഭാഗികമായോ ഉപേക്ഷിക്കപ്പെട്ടതായി ചൈനീസ് ഗവേഷകർ അറിയിക്കുന്നു.
ആഫ്രിക്കയിൽ സഹാറ മരുഭൂമി മൂന്ന് രാജ്യങ്ങളിലെ (മൊറോക്കോ, ടുണീഷ്യ, അൾജീരിയ) ജനങ്ങളെ വടക്കോട്ട് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. സഹാറയുടെ വളർച്ച തടയാനുള്ള ശ്രമങ്ങൾ കാര്യമായ ഫലം ചെയ്തിട്ടില്ല. ഗതികെട്ട അൾജീരിയ അവരുടെ കൃഷിയിടങ്ങളും കൃഷിരീതികളും മാറ്റാൻ നിർബന്ധിതമായി. നൈജീരിയയ്ക്ക് വർഷംതോറും 1355 ചതുരശ്ര മൈൽ കൃഷിഭൂമിയും മേച്ചിൽ പുറങ്ങളും നഷ്ടമാവുന്നുവെന്നാണ് കണക്ക്. വടക്കേ അമേരിക്കയിൽ മെക്സിക്കോയും ബ്രസീലുമാണ് മരുവത്കരണത്തിന്റെ ഭീഷണി ഏറ്റവും കൂടുതൽ നേരിടുന്നത്. തുടരും.....
ലോകം കടലിനും മരുഭൂമിക്കും ഇടയിൽ
ഭാഗം 2
സമുദ്രനിരപ്പ് വെറും ഒരു മീറ്റർ ഉയർന്നാൽ തന്നെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് താങ്ങാവുന്നതിലപ്പുറമാണെന്ന് പഠനങ്ങൾ പറയുന്നു. ബംഗ്ലാദേശിൽ മാത്രം 300 ലക്ഷം ജനങ്ങൾക്ക് കിടപ്പാടം നഷ്ടമാവും.അവർ സ്വന്തം രാജ്യത്തോ അയൽ രാജ്യത്തോ അഭയാർത്ഥികളാകുന്ന സ്ഥിതിയുണ്ടാവും.ലണ്ടൻ,അലക്സാൻഡ്രിയ, ബാങ്കോക്ക് ഉൾപ്പെടെ നൂറ് കണക്കിന് നഗരങ്ങൾ ഭാഗികമായി വെള്ളത്തിലാവും.ഭാവിയിൽ ഏറ്റവുമധികം പേരെ ബാധിക്കുന്ന പ്രശ്നവും ഇതു തന്നെയാവും.ആഗോളതാപനത്തിന്റെ ഫലമായി ഇരുപതാം നൂറ്റാണ്ടിൽ സമുദ്രനിരപ്പ് 15 cm ഉയർന്നുവെന്നാണ് കണക്കാക്കിയിരിക്കുന്നത്.പുതിയ നൂറ്റാണ്ടിൽ അന്തരീക്ഷ താപനില റെക്കോഡ് വേഗത്തിൽ ഉയരുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
സ്വാഭാവികമായും അന്തരീക്ഷതാപനില വർധിക്കുമ്പോൾ രണ്ട് തരത്തിലാണ് സമുദ്രനിരപ്പുയരുന്നത്. ചൂട് കൂടുമ്പോൾ കടലിലെ ജലം വികസിക്കുന്നത്. മറ്റൊന്ന് ധ്രുവപ്രദേശങ്ങളിലേയും പർവ്വതശിഖരങ്ങളിലേയും മഞ്ഞുപാളികൾ ഉരുകി കടലിൽ ചേരും. ഗ്രീൻലൻഡ് മഞ്ഞുപാളി ഉരുകുന്നതിന്റെ തോത് വർധിച്ചത് ശാസ്ത്രജ്ഞർ ആശങ്കയോടെയാണ് കാണുന്നത്. ചില സ്ഥലങ്ങളിൽ ഒന്നര കിലോമീറ്ററിലേറെ കനമുള്ള മഞ്ഞുപാളി പൂർണമായി ഉരുകാനിടയായാൽ സമുദ്രനിരപ്പ് 7 മീറ്ററോളം ഉയരുമെന്ന് കണക്കാക്കുന്നു. പെട്രോളിയം ,കൽക്കരി തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗം അന്തരീക്ഷത്തിൽ ഹരിതഗൃഹവാതകങ്ങൾ പ്രത്യേകിച്ചും കാർബൺ ഡൈ ഓക്സൈഡ് വ്യാപിക്കുന്നതാണ് ആഗോളതാപനത്തിന് ഇടയാക്കുന്നത്.മരുഭൂവത്കരണവും ആഗോളതാപനവും തടയാൻ അടിയന്തിരമായി നടപടികളെടുത്തില്ലെങ്കിൽ സമീപഭാവിയിൽ തന്നെ കാര്യങ്ങൾ അനിയന്ത്രിതമാവുമെന്ന് " എർത്ത് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് മുന്നറിയിപ്പ് തരുന്നു".
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ