ലോക നാടക വേദിയിൽ കഥകളിയുടെ സ്വാധീനം
ലോക നാടക വേദിയിൽ കഥകളിയുടെ സ്വാധീനം.
ദരിദ്ര നാടകവേദി '' ( Poor theatre)
ലോക നാടകവേദിയിൽ ശ്രദ്ധേയമായ പരീക്ഷണങ്ങൾ നടത്തിയ ഒരു പോളണ്ടുകാരനുണ്ട്. ജഴ്സി ഗ്രോട്ടോവ്സ്കി. ഇരുപതു വർഷത്തോളം ഗ്രോട്ടോ വ്സ്കി വിപ്ലവകരങ്ങളായ പരീക്ഷണങ്ങൾ തിയേറ്ററിൽ നടത്തി. അദ്ദേഹത്തിന്റെ സിദ്ധാന്തമനുസരിച്ച് തിയേറ്ററിൽ നടന് മാത്രമാണ് പരമപ്രാധാന്യം .മറ്റ് ഘടകങ്ങളായ സംഗീതം, പ്രകാശം, തുടങ്ങി പലതും തള്ളിപ്പറയപ്പെട്ടു. തിയേറ്ററിൽ പ്രധാനം നടനായതു കൊണ്ട് നടന്റെ ഭാവപ്രകാശനത്തിന് കഠിനമായ പരിശീലനവും പാരമ്പര്യബോധവും ആവശ്യമാണ്. നടൻ സാധകത്തിലൂടെ അരങ്ങിൽ വരികയും ഏത് കഥാപാത്രത്തേയും എപ്പോൾ വേണമെങ്കിലും പ്രതിനിധീകരിക്കാൻ തയ്യറായിരിക്കുകയും ചെയ്യേണ്ടതാണ്.
കേരളത്തിലെ കഥകളിയിൽ ,നടൻ ശരീരത്തെ ഉപയോഗിക്കുന്നതിന്റെ സാധ്യത തിരിച്ചറിഞ്ഞ ഗ്രോട്ടോ വ്സ്കി കഥകളിയുടെ പരീശീലന ക്രമങ്ങൾ ശ്രദ്ധിക്കുകയും ആ രീതിയിൽ നടൻമാർ പരിശീലനം സിദ്ധിക്കുന്ന ഒരു തിയേറ്ററിൽ നടന്റെ സമ്പുർണ്ണ സിദ്ധികളും പ്രകടിത മാവുകയും സംവേദനവും വിനിമയവും സാധ്യമാക്കാൻ കഴിയുകയും ചെയ്യുമെന്ന് കരുതുകയും ചെയ്തു. കഥകളിയിലെ നേത്രാഭിനയത്തിനും മുഖാഭിനയത്തിനും ഉള്ള പരിശീലനങ്ങൾ മനസ്സിലാക്കിയ ഗ്രോട്ടോ വ്സ്കി നടൻമാർക്ക് വേണ്ടിയുള്ള തന്റെ പരീശീലന പദ്ധതിയിൽ അവ ഉൾപ്പെടുത്തിയിരുന്നു.
നടൻ ഏത് കഥാപാത്രത്തേയും ഏതവസ്ഥയെയും എപ്പോഴും പ്രതിനിധീകരിക്കാൻ തയ്യറായിരിക്കണം. കേരളത്തിലെ കൂടിയാട്ടം, കഥകളി തുടങ്ങിയ കലാരൂപങ്ങളിലെ നടൻമാർ ഭാവപ്രകാശനത്തിനുള്ള മാധ്യമമെന്ന നിലയക്ക് സ്വന്തം ശരീരവും മനസ്സു മൊക്കെ പാകപ്പെടുത്തി വച്ചിരിക്കുന്നു. നടന് പരിശീലനം നൽകുന്ന പദ്ധതികളിൽ പൗരസ്ത്യ കലകളിലെ അഭിനയ പദ്ധതികളും പരിശീലന ക്രമങ്ങളും ഗ്രോട്ടോ വ്സ്കി ഉൾപ്പെടുത്തി. പീക്കിങ് ഓപ്പറയിലെ അഭ്യാസങ്ങളും ചേഷ്ടകളും ,കഥകളിയിലെ മുഖ സാധകം ,യോഗാഭ്യാസവും തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാവപ്രകാശനത്തിന് മുഖസാധകം വളരെയേറെ അനിവാര്യമാണെന്ന് മനസ്സിലാക്കിയ ഗോട്ടോ വ്സ്കി കഥ കളിയിലെ രീതിയാണ് അതിനു പയോഗിച്ചത്. അനുദിനം വർധിച്ചു വരുന്ന യന്ത്ര സംസ്ക്കാരത്തിന് അടിമപ്പെട്ട ആധുനിക ലോകത്തിൽ ,അവയോട് കിടപിടിക്കാൻ വേണ്ടിയുള്ള ഒരു ആത്മീയ മായ അവതരണ രീതിക്കാണ് 'പുവർ തിയറ്റേർ ' ശ്രമിച്ചത്. ഗ്രോട്ടോവ്സ്കിയുടെ ഏറെ ശ്രദ്ധ നേടിയ രംഗാവതരണങ്ങളാണ് ' അക്രോപോളിസ്, കോൺസ്റ്റന്റ് പ്രിൻസ്, എന്നിവ .താഴെ കാണുന്നത് അദ്ദേഹത്തിന്റെ നാടകത്തിലെ ഒരു രംഗം .[ ആധാരം - കേരളത്തിലെ തിയേറ്ററും കാവാലം നാടകങ്ങളും - ഡോ. രാജാവാര്യർ ]
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ